അബഹ - കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വേഗത്തിൽ കണ്ടെത്തുന്നതിന് അസീർ പ്രവിശ്യയിലെ പ്രധാന റോഡുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ നിർദേശിച്ചു. ഗവർണറേറ്റ് ആസ്ഥാനത്തെ കൊറോണ ക്രൈസിസ് മാനേജ്‌മെന്റ് റൂമുമായി ക്യാമറകളെ ബന്ധിപ്പിക്കാനും ഗവർണർ നിർദേശം നൽകി.
നിരോധാജ്ഞ കർക്കശമായി നടപ്പാക്കാൻ ഗവർണർ ആവശ്യപ്പെട്ടു. അസീർ പോലീസ് ഡയറക്ടറേറ്റ് ആസ്ഥാനത്തെ കൺട്രോൾ റൂം സന്ദർശിച്ച തുർക്കി ബിൻ ത്വലാൽ രാജകുമാരൻ കർഫ്യൂ നടപ്പാക്കുന്നതിന് സുരക്ഷാ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ നേരിട്ട് വീക്ഷിക്കുകയും ചെയ്തു. കർഫ്യൂ ശക്തമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് പ്രവിശ്യയിലെ സബ്ഗവർണർമാരും മർകസ് മേധാവികളും സുരക്ഷാ കമ്മിറ്റികളും ഫീൽഡിൽ ഇറങ്ങണമെന്നും സുരക്ഷാ നടപടിക്രമങ്ങൾ ശക്തമായി നിരീക്ഷിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.