- അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യയിൽ എണ്ണ വില മാറ്റമില്ലാതെ തുടരുന്നു
കൊറോണ വൈറസ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വൻ ആഘാതം ഏൽപിക്കുമ്പോഴും രാജ്യാന്തര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞിട്ടും ഉപയോക്താക്കൾക്ക് ഒരു പൈസയുടെ പോലും ഇളവു നൽകാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. കേന്ദ്ര സർക്കാറാകട്ടെ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, അഡീഷനൽ എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും കൂട്ടി ജനങ്ങൾക്കു ലഭിക്കേണ്ട ഇളവുകൾ ഇല്ലാതാക്കി അധിക ഭാരം കെട്ടിവെക്കാനാണ് ശ്രമിച്ചത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇക്കഴിഞ്ഞ വാരം 20-25 ഡോളർ നിലവാരത്തിലെത്തിയെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില ഒരാഴ്ചയായി ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 71.51 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 65.80 രൂപയും.
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലക്കനുസൃതമായി രാജ്യത്തെ പെട്രോൾ വിലയിലും മാറ്റം വരുത്തുമെന്നായിരുന്നു കേന്ദ്ര സർക്കാറും എണ്ണ കമ്പനികളും ജനങ്ങൾക്കു നൽകിയിരുന്ന വാഗ്ദാനം. അതനുസരിച്ച് രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിനനുസരിച്ച് രാജ്യത്തെ പെട്രോൾ ഉൾപന്നങ്ങളുടെ വിലയും ഉയർത്താറുണ്ട്. എന്നാൽ കറയുന്നതിനനുസരിച്ച് വില താഴ്ത്തുന്നതിൽ എണ്ണ കമ്പനികൾ വിമുഖത കാണിക്കുകയാണ്. ഇതു നിയന്ത്രിക്കേണ്ട കേന്ദ്ര സർക്കാറാകട്ടെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയുമാണ്. ജനുവരിയിൽ 64 ഡോളറായിരുന്നു രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. അന്ന്, പെട്രോളിന് 77 രൂപയും ഡീസലിന് 72 രൂപയുമായിരുന്നു വില. ഇറാനിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിലായിരുന്നു അന്ന് എണ്ണ വില കൂടിയത്. ഇറാന്റെ ജനറൽ സുലൈമാനിയെ അമേരിക്ക വധിച്ചതിനെത്തുടർന്ന് അതിന്റെ പ്രതിഫലനം എണ്ണ വിപണിയിലും പ്രതിഫലിച്ചിരുന്നു. ഈ പ്രതിഫലനം എണ്ണ വില ഉയർത്തി ഇന്ത്യയിലെ എണ്ണ കമ്പനികൾ പ്രകടമാക്കിയിരുന്നു. പിന്നീട് ഫെബ്രുവരിയിൽ 56 ഡോളറായി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞു. ഈ വേളയിൽ പെട്രോളിന് 74 രൂപയും ഡീസലിന് 64 രൂപയുമായി നേരിയ വ്യത്യാസം കാണിക്കാൻ എണ്ണ കമ്പനികൾ തയാറായി. എന്നാൽ കൊറോണ വ്യാപനം അതിശക്തമായ സാഹചര്യത്തിലും സൗദി- റഷ്യ എണ്ണ വില ശീതസമരത്തിന്റെയും ഫലമായി മാർച്ചിൽ രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില 20 ഡോളറിനടുത്തു വരെ വന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ക്രൂഡ് ഓയിൽ വില 40 ഡോളറോളം കുറഞ്ഞിട്ടും ആറു രൂപയിൽ താഴെ കുറവു വരുത്തുക മാത്രമാണ് എണ്ണ കമ്പനികൾ ചെയ്തത്. അതായത് പെട്രോൾ വില ലിറ്ററിന് 70 രൂപയിൽ താഴേക്കു വരുത്താൻ തയാറായില്ലെന്നു ചുരുക്കം.
ഇതിനിടെ അസംസ്കൃത എണ്ണ വില ബാരലിന് 35 ഡോളറായി കുറഞ്ഞ സാഹചര്യത്തിലാണ് അഡീഷനൽ എക്സൈസ് ഡ്യൂട്ടിയും റോഡ് സെസും കേന്ദ്ര സർക്കാർ കൂട്ടിയത്. ഈ നികുതി വർധനക്കിടയിലും രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കനുസൃതമായി രാജ്യത്തെ എണ്ണ വില കുറയേണ്ടതാണ്. അതായത് 10 മുതൽ 15 രൂപ വരെ വില കുറയേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പക്ഷേ ഉപഭോക്താക്കൾക്ക് ഒരു നയാപൈസയുടെ കുറവും വരുത്താതെ ഒരാഴ്ചയായി ഒരേ വില തുടരുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കു ലഭിക്കേണ്ട ആനുകൂല്യം യഥാർഥത്തിൽ കേന്ദ്ര സർക്കാറും എണ്ണ കമ്പനികളും തട്ടിയെടുക്കുകയാണ്. ഒരു നികുതിയിലും ഇളവു വരുത്താൻ കേന്ദ്ര സർക്കാർ തയാറാകാത്തതു പോലെ വാറ്റു നികുതിയിൽ കുറവു വരുത്താൻ സംസ്ഥാന സർക്കാറും തയാറല്ലെന്നതിനാൽ ദുരിതം പേറുന്നത് ജനമാണ്.
കൊറോണ വാണിജ്യ രംഗത്തെ പ്രതികൂലമായി ബാധിച്ചതായി രാജ്യത്തെ കച്ചവടക്കാരിൽ 53 ശതമാനവും പറയുന്നു. ഫിക്കിയുടെ സർവേ പ്രകാരം രാജ്യത്തെ 73 ശതമാനം കച്ചവടങ്ങളുടെയും ഓർഡറുകളിൽ വൻ ഇടിവ് നേരിട്ടതായി പറയുന്നു. ഫിക്കിയിൽ അംഗങ്ങളായിട്ടുള്ള 317 കമ്പനികളിലും അസോസിയേഷനുകളിലുമാണ് സർവേ നടത്തിയത്. മാർച്ച് 15 നും 19 നും ഇടയിലുള്ള കാലയളവിലായിരുന്നു സർവേ. കൊറോണ വൈറസ് തങ്ങളുടെ കച്ചവടത്തെ വളരെയധികം ബാധിച്ചതായി 20 ശതമാനം പേരും ഉയർന്ന തോതിൽ ബാധിച്ചതായി 33 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം 33 ശതമാനം കമ്പനികൾ മിതമായ രീതിയിൽ ബാധിച്ചതായാണ് അഭിപ്രായപ്പെട്ടത്.