ഹൈദരാബാദ്- ദോഹയില്‍ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിലേക്ക് പറക്കുകയായിരുന്നു ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ക്ക് ഹൃദായാഘാതമുണ്ടായതിനെ തുടര്‍ന്ന് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാന ജീവനക്കാരെ കൂടാതെ 240 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടടുത്ത സമയം ഇന്ത്യയ്ക്കു മുകളിലൂടെ പറക്കുന്നതിനിടെ റൊമേനിയക്കാരനായ പൈലറ്റ് ആന്ദ്രെ ദിനു (34) കടുത്ത നെഞ്ചു വേദനയും ശ്വാസ തടസ്സവും അനുഭവപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ സഹ പൈലറ്റ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് യൂണിറ്റുമായി ബന്ധപ്പെട്ട് അടിയന്തിര ലാന്‍ഡിംഗിനുള്ള അനുമതി തേടുകയായിരുന്നു.
ഹൈദരാബാദില്‍ ഇറക്കിയ ഉടന്‍ ഡോക്ടര്‍മാരെത്തി പൈലറ്റിനെ പരിശോധിച്ചു. ലാന്‍ഡ് ചെയ്തപ്പോഴേക്കു പൈലറ്റിന്റെ നില ഗുരുതരമായിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റി. ഇപ്പോല്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് ബദല്‍ സംവിധാനമൊരുക്കി നല്കി. മൂന്ന് മണിക്കൂറിനു ശേഷം വിമാനം ബാലിയിലേക്കു പറന്നതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു.