റിയാദ്- കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ വിശദാംശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു.
ഇന്നു മുതല്‍ നിലവില്‍ വന്ന കര്‍ഫ്യു അടുത്ത 21 ദിവസം തുടരും. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു വരെയാണ് നിരോധനാജ്ഞ.
ബഖാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി, കോഴി, മാംസം, റൊട്ടി, ഭക്ഷ്യവസ്തുക്കളുടെ ഫാക്ടറി എന്നിവയുള്‍ക്കൊളളുന്ന ഭക്ഷ്യ വിതരണ മേഖല, ഫാര്‍മസി, പോളിക്ലിനിക്കുകള്‍, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ ഉപകരണങ്ങളുടെ ഫാക്ടറി എന്നിവ ഉള്‍ക്കൊള്ളുന്ന ആരോഗ്യമേഖല, എല്ലാവിധ വാര്‍ത്താവിതരണവും ഉള്‍ക്കൊള്ളുന്ന മാധ്യമ മേഖല, ചരക്ക് നീക്കം, പോസ്റ്റല്‍, കസ്റ്റംസ് ക്ലിയറന്‍സ്, ലോജിസ്റ്റിക്, ഗോഡൗണ്‍, ആരോഗ്യ, ഭക്ഷ്യമേഖലയിലേക്കുള്ള വിതരണ ശൃംഖല, തുറമുഖ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ ഗതാഗത മേഖല, ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയുള്ള വ്യാപാര മേഖല, ഫര്‍ണീഷ്ഡ് അപാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളും, പെട്രോള്‍ പമ്പുകളും സൗദി ഇലക്ട്രിക് കമ്പനിയുടെ എമര്‍ജന്‍സി സേവനവും, ആരോഗ്യ, വാഹന ഇന്‍ഷുറന്‍സ് മേഖല, ടെലികോം മേഖല, വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതുള്‍പ്പെടെയുള്ള ജലവിതരണ സേവനം എന്നിവയെ നിരോധനാജ്ഞയില്‍ നിന്നൊഴിവാക്കി.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സൈനിക, ആരോഗ്യ, സുരക്ഷാ വിഭാഗങ്ങളുടെ വാഹനങ്ങളും സര്‍ക്കാര്‍ നിരീക്ഷകരുടെ വാഹനങ്ങളും ഈ സമയത്ത് നിരത്തിലുണ്ടാകും. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി വീടുകളിലേക്ക് ഭക്ഷണം, മരുന്ന് എന്നിവ ഓര്‍ഡര്‍ പ്രകാരം എത്തിച്ചുകൊടുക്കുന്ന സേവനത്തിനും വിലക്കുണ്ടാവില്ല.
നിരോധനാജ്ഞയില്‍ നിന്ന് ഏതൊക്കെ മേഖല ഒഴിവാണെന്നറിയാന്‍ മക്ക പ്രവിശ്യയില്‍ 911, മറ്റു പ്രവിശ്യകളില്‍ 999 ടോള്‍ ഫ്രീ നമ്പറിലും വിളിക്കാവുന്നതാണ്. ബാങ്ക് വിളിക്കാന്‍ പള്ളിയിലേക്ക് പോകുന്ന മുഅദ്ദിന്‍, ഡിപ്ലോമാറ്റുകള്‍, അന്താരാഷ്ട്ര സംഘടന പ്രതിനിധികള്‍, ഡിപ്ലോമാറ്റിക് കോര്‍ട്ടറില്‍ താമസിക്കുന്നവര്‍ എന്നിവരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവ് ആവശ്യമുണ്ടെങ്കില്‍ മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. മന്ത്രാലയം ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.