Sorry, you need to enable JavaScript to visit this website.

നാടക സംഘത്തിന് പിഴ ഈടാക്കിയ സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം - തൃപ്രയാറിൽ നാടക സമിതിയുടെ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. 
ആർ.ടി.ഒ പിടിച്ചെടുത്ത വാഹനം നാടക കമ്പനി അവരുടെ പരിപാടിക്ക് പോകുന്നതിനായി ബുക്ക് ചെയ്തതാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. പരിശോധന പ്രകാരം ഡ്രൈവർ യൂനിഫോം ധരിച്ചിട്ടില്ല എന്ന കുറ്റത്തിന് 500 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 
പരസ്യ ബോർഡിന്റെ വലിപ്പം 24,000 ചതുരശ്ര സെന്റിമീറ്റർ എന്ന് രേഖപ്പെടുത്തി കേരള മോട്ടോർ വാഹന ചട്ടം 191 അനുസരിച്ച് ചെക്ക് റിപ്പോർട്ട് തയാറാക്കി നൽകിയിരുന്നു. ഈ അളവായ 24,000 ചതുരശ്ര സെന്റിമീറ്റർ എന്നത് സമൂഹ മാധ്യമങ്ങളിലൂടെ 24,000 രൂപ പിഴ എന്ന് തെറ്റായി പ്രചരിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയായി സർക്കാർ കരുതുകയും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വണ്ടിയിൽ താൽക്കാലിക ബോർഡ് മാത്രമാണ് വെച്ചതെന്ന് ബോധ്യപ്പെട്ടത് പ്രകാരം പിഴ ഒഴിവാക്കിയിരുന്നു. നിജസ്ഥിതി സർക്കാറിനെയും പൊതുജനങ്ങളെയും യഥാസമയം അറിയിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും കെ.വി അബ്ദുൾ ഖാദറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. 

മിന്നൽ സമരം അനുവദിക്കില്ല -മന്ത്രി
കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് പോലുള്ള സമരങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സുരക്ഷാ നടപടികൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലേബർ കമ്മീഷണർ, റോഡ് സുരക്ഷാ കമ്മീഷണർ, ഗതാഗത കമ്മീഷണർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിലിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടയിയായി മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ എല്ലാ ഡ്രൈവർമാർക്കും അപകടരഹിത ഡ്രൈവിംഗിനുള്ള പരിശീലനവും തുടർ പരിശീലനവും നൽകുന്നുണ്ട്. വർധിച്ചുവരുന്ന അപകടങ്ങൾ കണക്കിലെടുത്ത് എല്ലാ ഡ്രൈവർമാർക്കും സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ കൂടുതൽ പരിശീലനം നൽകാൻ തീരുമാനിച്ചു. കൂടാതെ അപകടരഹിതമായ ഡ്രൈവിംഗ് ശീലിക്കുന്നതിനായി ഡ്രൈവർ വിഭാഗം ജീവനക്കാർക്ക് കൃത്യമായ കറക്ടീവ് ട്രെയിനിംഗ് നൽകുന്ന തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ കാര്യക്ഷമമായി എല്ലാ മേഖലകളിലും നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ദീർഘദൂര/അന്തർസംസ്ഥാന സർവീസുകളിൽ ഡ്രൈവർ വിഭാഗം ജീവനക്കാർക്ക് മതിയായ വിശ്രമം ഉറപ്പു വരുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി രാത്രികാലത്ത് ദീർഘദൂര സർവീസുകളിൽ ഡ്രൈവർ ചേയ്ഞ്ച് സംവിധാനം ഉടൻ നടപ്പിലാക്കും. കാലപ്പഴക്കം ചെന്ന ബസുകൾ നിരത്തിൽ നിന്നും ഒഴിവാക്കി ഘട്ടംഘട്ടമായി പുതിയ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. 

ശുചിത്വ സാഗരം പദ്ധതി വൻ വിജയം -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ 
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നീണ്ടകര ഹാർബറിൽ നടപ്പാക്കിയ ശുചിത്വ സാഗരം പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടർന്ന് കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ക്രമേണ മറ്റ് ഹാർബറുകളിലും പദ്ധതി നടപ്പിലാക്കും. നീണ്ട കരയിൽ നിന്ന് ശേഖരിച്ച്  52,000 ടൺ പ്ലാസ്റ്റിക് റോഡ് നിർമാണത്തിന് ഉപയോഗിച്ചുവരികയാണ്. ആഴക്കടലിൽ മുങ്ങിപ്പോകുന്ന ബോട്ടുകളെ പൊക്കിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ രാജ്യത്തില്ല. അതിനാൽ മുങ്ങിപ്പോകുന്ന ബോട്ടുകൾക്ക് പകരം സംവിധാനം ആലോചിക്കുകയേ വഴിയുള്ളൂ. തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സർക്കാർ  തയാറാക്കിയ പുനർഗേഹം പദ്ധതിയിൽ  ഇതിനോടകം 323 പേർ ഭൂമി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 
10 ലക്ഷം രൂപയാണ് ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും പദ്ധതി പ്രകാരം ഭവന നിർമാണത്തിന് ലഭിക്കുന്നത്. ഇതിൽ ആറ് ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും നാല് ലക്ഷം രൂപയാണ് ഭവന നിർമാണത്തിനുമായി നിജപ്പെടുത്തിയിട്ടുള്ളത്. 
10 ലക്ഷത്തിന് മുകളിൽ തുക അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളിലെ 40 വയസ്സിന് താഴെ 10ാം ക്ലാസ് പാസാകാത്ത 42 പേർക്ക്  മത്സ്യഫെഡിൽ താൽക്കാലികമായി ജോലി നൽകി. 40 വയസ്സിന് താഴെ 10 ാം ക്ലാസ് ജയിച്ച 12 പേർക്ക് ആരോഗ്യ വകുപ്പിൽ ജോലി നൽകാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.എസ്.സി പരിശീലനം: ഏഴ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു
സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർ പി.എസ്.സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നെന്ന പരാതിയിൽ ഏഴ് ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുന്നോക്ക സമുദായ കോർപറേഷൻ ജനറൽ മാനേജരും സെക്രട്ടറിേയറ്റ് ജീവനക്കാരനുമായ ആർ.പി രഞ്ജൻ രാജ്, സീനിയർ അസിസ്റ്റന്റ് ഷിബു കെ നായർ, വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഡ്രൈവർ ജി.കെ സുമേഷ്, നിയമസഭ ഹോസ്റ്റൽ എസ്റ്റാബ്ലിഷ്‌മെന്റ് അമിനിറ്റി അസിസ്റ്റന്റ് രാജേന്ദ്ര പ്രസാദ്, കെ.എസ്.എഫ്.ഇ ബാലരാമപുരം ബ്രാഞ്ചിലെ ജൂനിയർ അസിസ്റ്റന്റ് ജഗദീഷ് കുമാർ, അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റി അസിസ്റ്റൻറ് സുധി, തിരുവനന്തപുരം എം.എ.സി.ടിയിലെ എൽ.ഡി ക്ലർക്ക് ജെ.എസ് വന്ദന എന്നിവരെയാണ് ചോദ്യം ചെയ്തത്. 
മെച്ചപ്പെട്ട ജോലി നോക്കുന്നതിലേക്കായി ഷിബു കെ. നായർ നൽകിയ അപേക്ഷ പ്രകാരം 2014 ജൂലൈ മുതൽ 2020 ജൂലൈ വരെ വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഇയാൾക്ക് ശൂന്യവേതനാവധി അനുവദിച്ചിരുന്നു. എന്നാൽ ഇയാൾ ലക്ഷ്യ എന്ന സ്ഥാപനത്തിൽ പി.എസ്.സി പരിശീലന ക്ലാസെടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവുകൾ റദ്ദാക്കുന്നതായി പരിശോധിക്കും. അതേസമയം ആർ.പി. രഞ്ജൻ രാജ് വേതനം പറ്റാതെയാണ് വീറ്റോ എന്ന സ്ഥാപനത്തിൽ ക്ലാസുകൾ എടുക്കുന്നതെന്നും ഇയാളുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.


സ്വന്തം കെട്ടിടമില്ലാത്ത 79 പോലീസ് സ്‌റ്റേഷനുകൾ
സംസ്ഥാനത്ത് സ്വന്തമായി കെട്ടിടം ഇല്ലാത്ത 79 പോലീസ് സ്റ്റേഷനുകളും പോലിസ് ക്വാട്ടേഴ്‌സുകളില്ലാത്ത 254 സ്‌റ്റേഷനുകളുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകൾ ഡ്രൈവറെ മർദിച്ച സംഭവത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനിൽ നിന്നു വിദഗ്‌ധോപദേശം ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്റെ യാതൊരു നിർദേശവും ലഭിച്ചിട്ടില്ല. കസ്റ്റഡി മർദനം, രാജ്യദ്രോഹം, അഴിമതി, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങ ൾ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്ന പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ ഡി.ജി.പിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്തെ ഏഴ് പോലീസ് ബറ്റാലിയനുകളിലുമായി 3956 ഒഴിവുകളുണ്ടെന്ന്  മുഖ്യമന്ത്രി അറിയിച്ചു.


സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരം; മെയ് 31 വരെ അപേക്ഷിക്കാം
സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ എൻ.ഒ.സിക്ക് മെയ് 31 വരെ അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. കുട്ടികളെ സ്‌കൂളിൽ ചേർക്കുന്നതിന് മുമ്പ് സ്‌കൂളിന് എൻ.ഒ.സിയോ, അഫിലിയേഷനോ ഉള്ളതാണോ എന്ന് രക്ഷിതാക്കൾക്ക് മനസ്സിലാക്കാൻ സി.ബി.എസ്.ഇ   സ്‌കൂളുകളുടെ വിവരം സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 
സംസ്ഥാനത്ത് വന ഭൂമിയിൽ പട്ടയം നൽകുന്നതിന് അനുമതിയായ 28,588.159 ഹെക്ടർ ഭൂമിയിൽ 17,650.65 ഹെക്ടർ വിതരണം ചെയ്തതായി മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. 64,335 പട്ടയങ്ങൾ ഇപ്രകാരം നൽകി. ബാക്കിയുള്ളവയുടെ നടപടികൾ തുടരുന്നു. പട്ടിക വർഗക്കാർക്ക് അഞ്ച് ജില്ലകളിലായി 7693 ഹെക്ടർ ഭൂമിയിൽ 2020.5 ഹെക്ടർ വനഭൂമി വിതരണം ചെയ്തു. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായാണ് ഭൂമി വിതരണം ചെയ്തത്. റവന്യൂ റെക്കോർഡുകൾ പ്രകാരം 22,63,333.96 ഏക്കറാണ് സംസ്ഥാനത്തെ പുറമ്പോക്ക് ഭൂമി. ഉടമസ്ഥരില്ലാതെ കിടക്കുന്ന 2769.83 ഹെക്ടർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


റോഡ് നിർമാണം നിർത്തി

റോഡ് ഫണ്ട് ബോർഡിന്റെ ചുമതലയിലുള്ള പത്തു റോഡുകളുടെ നിർമാണം കിഫ്ബി പരിശോധനകളുടെ ഭാഗമായി നിർത്തിവെച്ചതായി മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. എൻജിനീയർമാരിൽ നിന്നും കരാറുകാരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കും. തുടർന്ന് 9 പ്രവൃത്തികളുടെ സ്റ്റോപ് നാടക മെമ്മോ കിഫ്ബി പിൻവലിച്ച് നിർമാണം പുനരാരംഭിച്ചു. കെ.സി.പി എൻജിനീയേഴ്‌സിന് നിർമാണ ചുമതലയുള്ള പാലക്കാട് എം.ഇ.എസ് കോളേജ് പയ്യനാടം റോഡിന്റെ സ്‌റ്റോപ് മെമ്മോ ആണ് പിൻവലിക്കാത്തത്. പ്രവൃത്തിയുടെ മന്ദഗതി ആണ് ഉന്നയിച്ച പ്രധാന വിഷയം. കിഫ്ബിയിൽ നിർമിച്ച 200 റോഡുകളിൽ 10 എണ്ണത്തിന് മാത്രമാണ് പ്രശ്‌നം. ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയാറല്ല. രണ്ട് പ്രളയത്തിൽ തകർന്ന 11,000 ത്തിലധികം റോഡുകളുടെ അറ്റകുറ്റ പണി പൂർത്തിയാക്കി. കോൺട്രാക്ടർമാരുടെ ആധിപത്യത്തെ ചെറുക്കാൻ ചില എൻജിനീയർമാർക്ക് കഴിയുന്നില്ല. കൺസ്ട്രക്ഷൻ കമ്പനികൾ തെറ്റു തിരുത്താൻ തയാറായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. അപാകതകൾ റിപ്പോർട്ട് ചെയ്യാത്ത എൻജിനീയർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിൽ കാൽനട യാത്രക്കാരുടെ സൗകര്യം കുറഞ്ഞു വരികയാണെന്നും ഇതിന് ക്രമീകരണം ഉണ്ടാക്കണമെന്നും ചർച്ചയിലിടപെട്ട മുഖ്യമന്ത്രി പറഞ്ഞു.

തണ്ടപ്പേരും ആധാറും ബന്ധിപ്പിക്കുന്നതു കൊണ്ട് സർക്കാറിനോ ഭൂവുടമകൾക്കോ അധിക ബാധ്യത ഉണ്ടാകുകയില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ അറിയിച്ചു. ഭൂ വിവരങ്ങൾ കേന്ദ്ര സർക്കാറിന് നൽകേണ്ടി വരുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ആധാർ ഇല്ലാത്ത ഭൂവുടമകളുടെ കാര്യത്തിൽ നിലവിൽ ലഭ്യമായിട്ടുള്ള തണ്ടപ്പേർ തുടരുമെന്നും മന്ത്രി പറഞ്ഞു. 


 

Latest News