മോഹൻലാൽ ചിത്രം മരയ്ക്കാറിന്റെ ട്രെയിലർ സോഷ്യൻ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. ട്രെയിലർ കണ്ട് ത്രില്ലടിച്ചവരുടെ കൂട്ടത്തിൽ സാക്ഷാൽ അമിതാഭ് ബച്ചനുമുണ്ട്. ട്രെയിലർ കണ്ടതോടെ മോഹൻലാലിനോടുള്ള ആരാധന വർധിക്കുന്നു എന്നാണ് ബിഗ് ബി ട്വീറ്റ് ചെയ്തത്.
മരയ്ക്കാർ ട്രെയിലർ ഒന്നു കാണുമോ എന്ന് പ്രിയ സുഹൃത്ത് കൂടിയായ മോഹൻലാൽ ചോദിച്ചു, താൻ എന്നും ആരാധിക്കുന്ന നടനാണ് മോഹൻലാലെന്നും മരക്കാർ ട്രെയിലർ കണ്ടതോട് കൂടി അദ്ദേഹത്തോടുളള തന്റെ ആരാധന വർധിച്ചുവെന്നും ബച്ചൻ കുറിച്ചു. ബച്ചന്റെ ഈ കമന്റും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ട്രെയിലർ 24 മണിക്കൂർ കൊണ്ട് 70 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇത് മലയാള സിനിമാ ചരിത്രത്തിലെ റെക്കോർഡാണ്.
മാർച്ച് 26നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം തിേയറ്ററുകളിലെത്തുന്നത്.
വമ്പൻ താരനിര അണിനിരക്കുന്ന മരയ്ക്കാർ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. നൂറ് കോടിയാണിതിന്റെ മുതൽമുടക്കെന്നാണ് റിപ്പോർട്ട്. മരക്കാർ തമാശ സിനിമയല്ലെന്നും വൈകാരിക സിനിമയാണെന്നും മുമ്പ് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു.
യുദ്ധം ഉൾപ്പെടെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരയ്ക്കാറെന്നും ഒരുപാട് സാധ്യതകൾ ഉപയോഗിച്ച ചിത്രമാണിതെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ സൂപ്പർതാരങ്ങൾ എല്ലാം ചേർന്നാണ് പുറത്തിറക്കിയത്. അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, നാഗാർജുന, രാംചരൺ, യഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, ശിൽപ്പ ഷെട്ടി തുടങ്ങിയവരെല്ലാം മരയ്ക്കാർ ട്രെയിലർ പങ്കുവെച്ചിരുന്നു.