ആഗോള സാമ്പത്തിക മാന്ദ്യം സ്വർണത്തിനു തിളക്കം പകർന്നു. കേരളത്തിൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക്. സാമ്പത്തിക രംഗം പ്രതിസന്ധിയിലേയ്ക്കു വഴുതുന്നതു തടയാൻ കേന്ദ്ര ബാങ്കുകൾ അടിയന്തര യോഗം ചേരുന്നതിനിടയിൽ നിക്ഷേപകർ മഞ്ഞലോഹത്തിനായി മത്സരിച്ചു. കൊറോണ ഭീതിയിൽ പ്രമുഖ നാണയങ്ങളുടെ കാലിടുറുന്നത് കണ്ട് അമേരിക്ക റിസർവ് പലിശ നിരക്ക് കുറച്ചു. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായി അമേരിക്ക അസാധാരണ യോഗം ചേർന്നാണ് പലിശയിൽ 50 ബേസിസ് പോയന്റ് കുറച്ചത്. 18 ന് അടുത്ത യോഗം ചേരും, ഈ അവസരത്തിൽ വീണ്ടും ഇളവിന് സാധ്യതയുണ്ട്.
ഇതിനിടയിൽ ഓസ്‌ട്രേലിയൻ കേന്ദ്ര ബാങ്കും കനേഡിയൻ കേന്ദ്ര ബാങ്കും പലിശ കുറച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ കേന്ദ്ര ബാങ്കും ഈ വാരം വായ്പാ അവലോകനത്തിനായി ഒത്തുചേരും. ന്യൂയോർക്കിൽ 2016 നു ശേഷം ആദ്യമായി സ്വർണം ഏഴ് ശതമാനം പ്രതിവാര നേട്ടത്തിലാണ്. ട്രോയ് ഔൺസിന് 1584 ഡോളറിൽ നിന്ന് ഏഴു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 1692 ഡോളർ വരെ കയറി ശേഷം 1673 ഡോളറിലാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ 1653 ഡോളറിലെ താങ്ങ് നിലനിൽക്കുവോളം മുന്നേറ്റ സാധ്യത തുടരും. 1720 ഡോളറിലെ പ്രതിരോധം തകർത്താൽ 1780 ലേക്ക് സ്വർണ വില ഉയരാം.
കേരളത്തിൽ പവന് 1280 രൂപ ഉയർന്നു. 31,040 ൽ നിന്ന് റെക്കോർഡായ 32,320 രൂപയായി. ഒരു ഗ്രാമിന് വില 4040 രൂപ. ഡോളറിനു മുന്നിൽ രൂപ 72.22 ൽ നിന്ന്74.01 ലേയ്ക്ക് ഇടിഞ്ഞു. രൂപയുടെ മൂല്യത്തകർച്ച കണക്കിലെടുത്താൽ ആഭ്യന്തര സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് ചുവടുവെക്കാം. രൂപയുടെ ചലനങ്ങൾ കണക്കിലെടുത്താൽ പവൻ 33,000-34,000 മറികടന്നാലും അത്ഭുതപ്പെടാനില്ല. റമദാൻ വേളയിലെ ആവശ്യങ്ങൾക്കായി അറബ് രാജ്യങ്ങൾ ഉയർന്ന അളവിൽ ഏലക്ക ശേഖരിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. എന്നാൽ പിന്നിട്ട വാരത്തിലും ഏലക്ക വില നേരിയ റേഞ്ചിൽ നീങ്ങി. ഓഫ് സീസണായതിനാൽ കർഷിക മേഖലയിൽ ഏലക്ക ലഭ്യത ചുരുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥമാക്കുന്നു. ആഭ്യന്തര വ്യാപാരികൾക്ക് ഒപ്പം കയറ്റുമതിക്കാരും രംഗത്തുണ്ടങ്കിലും കിലോ 3500 രൂപക്ക് മുകളിൽ ഇടം കണ്ടത്താൻ ഏലം ക്ലേശിക്കുന്നു. വാരാന്ത്യം മികച്ചയിനം ഏലം 3421 രൂപയിലാണ്.
തേയില കയറ്റുമതി തളർച്ചയിലേക്ക് വഴുതുകയാണ്. കൊറോണ തന്നെയാണ് തേയിലക്കും ഭീഷണി. തേയില ഇറക്കുമതി നടത്തുന്ന പല രാജ്യങ്ങളിലും കൊറോണ വൈറസ് പ്രശ്‌നം തല ഉയർത്തുന്നത് ഉൽപന്ന വില ഇടിയാൻ കാരണമാവുമെന്ന ഭീതിയിലാണ് തോട്ടം മേഖല. ചൈന, ജപ്പാൻ, ഇറാൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇന്ത്യൻ തേയിലയാണ് കൂടുതലായി ഉപയോഗിക്കുന്നത്. ആഭ്യന്തര വിപണിയെ ആശ്രയിച്ചാവും വർഷമധ്യം വരെ ലേല കേന്ദ്രങ്ങളിൽ തേയിലയുടെ നീക്കങ്ങൾ. കൊച്ചിയിൽ നടന്ന ലേലത്തിൽ സി റ്റി സി ലീഫ് ഇനങ്ങളുടെ വില കുറഞ്ഞു. ലീഫ് വിഭാഗത്തിൽ 1,52,000 കിലോ ഓർത്തഡോക്‌സും 36,000 കിലോ സി റ്റി സി യും ഡസ്റ്റ്‌ലേലത്തിൽ 9000 കിലോ ഓർത്തഡോക്‌സും 8,98,000 കിലോ സി റ്റി സിയും ലേലം കൊണ്ടു. കുരുമുളക് വില ഇടിവ് തുടരുന്നു. ഉത്തരേന്ത്യൻ ആവശ്യം ചുരുങ്ങിയതും വിദേശ ഡിമാന്റ് മങ്ങിയതും സമ്മർദമുളവാക്കി. പിന്നിട്ട വാരം ക്വിന്റലിന് 900 രൂപ ഇടിഞ്ഞു. രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണിയിൽ മുഖ്യ ഇറക്കുമതി രാജ്യങ്ങളുണ്ടെങ്കിലും തിരക്കിട്ടുള്ള പുതിയ കരാറുകൾ ഉറപ്പിച്ചതായി സൂചനയില്ല. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4500 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് 31,000 രൂപയിൽ നിന്ന് 30,100 രൂപയായി. കേരളത്തിൽ റബർ ക്ഷാമം നിലനിന്നിട്ടും ഷീറ്റ് വില ഇടിഞ്ഞു. വിദേശത്തെ തളർച്ച മറയാക്കി വ്യവസായികൾ നിരക്ക് താഴ്ത്തി ക്വട്ടേഷൻ ഇറക്കി. ഓപണിംഗിൽ 13,400 ൽ നിലകൊണ്ട നാലാം ഗ്രേഡ് 13,250 ലേക്ക് വാരാവസാനം താഴ്ന്നു. അഞ്ചാം ഗ്രേഡ് 12,700 ലും ലാറ്റക്‌സ് 8000 രൂപയിലുമാണ്. ടോകോം എക്‌സ്‌ചേഞ്ചിൽ നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതോടെ റബർ മെയ് അവധി കിലോ 169 യെന്നിലേക്ക് താഴ്ന്നു.