ഹായിൽ - പൊടിക്കാറ്റിനിടെ ഹായിൽ, അൽസുലൈമി റോഡിൽ 12 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു വിദേശികൾ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹായിലിൽ നിന്ന് 130 കിലോമീറ്റർ ദൂരെ അൽഖാഇയ ഗ്രാമത്തിനു സമീപമാണ് അപകടം. കനത്ത പൊടിക്കാറ്റിനിടെ നിയന്ത്രണം വിട്ട ട്രെയിലർ റോഡിൽ മറിയുകയായിരുന്നു. പൊടിക്കാറ്റു മൂലം ദൃശ്യക്ഷമത കുറഞ്ഞതിനാൽ മറിഞ്ഞുകിടന്ന ട്രെയിലറിൽ പിന്നാലെയെത്തിയ ഡൈന ലോറി ഇടിച്ചു.
റോഡിൽ തടസ്സങ്ങളൊന്നുമില്ലെന്ന് കരുതി സഞ്ചരിച്ച പത്തു കാറുകളും പിന്നീട് ട്രെയിലറിലും ഡൈനയിലും ആദ്യം അപകടത്തിൽ പെട്ട കാറുകളിലും ഇടിക്കുകയായിരുന്നു. പോലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തുകയും റോഡിൽ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. പൊടിക്കാറ്റ് ശമിക്കുന്നതു വരെ രണ്ടു മണിക്കൂറിലേറെ നേരം ഈ റോഡിൽ ഗതാഗതം തടഞ്ഞു. പരിക്കേറ്റവരെ അൽഗസാല ആശുപത്രിയിലും സുലൈമി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രികളിലെ മോർച്ചറികളിലേക്ക് നീക്കി.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ കനത്ത പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. റിയാദ്, ഹോത്ത ബനീതമീം, അഫ്‌ലാജ്, അൽഖർജ്, ഹഫർ അൽബാത്തിൻ, ഖുവൈഇയ, അഫീഫ്, മജ്മ, ദവാദ്മി, ശഖ്‌റാ, സുൽഫി, അൽഖസീം, ഉനൈസ എന്നിവിടങ്ങളിലെല്ലാം ഇന്നലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.