റിയാദ്- കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു.
നേരത്തെ മാര്‍ച്ച് 31ന് മുമ്പ് മാറ്റിയെടുക്കണമെന്നായിരുന്നു നിര്‍ദേശം. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ക്ലിയറിംഗ് വിഭാഗങ്ങളിലെ മെഷീനുകളില്‍ റീഡ് ചെയ്യില്ലെന്നതിനാല്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആവശ്യപ്രകാരമാണ് കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ മാറ്റാന്‍ 2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
2001 മുതല്‍ ഇന്ത്യയില്‍ മെഷീന്‍ റീഡബ്ള്‍ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങിയിരുന്നെങ്കിലും വിദേശത്ത് വെച്ച് പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ നാട്ടില്‍ പോലീസ് എന്‍ക്വയറി കൃത്യമല്ലെന്ന കാരണത്താല്‍ പഴയ പാസ്‌പോര്‍ട്ടില്‍ ഓരോ വര്‍ഷവും സീല്‍ പതിച്ച് കാലാവധി പുതുക്കുന്ന രീതി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു.
ചിലര്‍ക്ക് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടിന്റെ മറ്റൊരു പേജില്‍ പത്ത് വര്‍ഷത്തേക്ക് പുതുക്കിയതായുള്ള സീല്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലര്‍ക്ക് ഭാര്യമാരുടെ പേരുകളും എഴുതിച്ചേര്‍ത്തിരുന്നു. ഇത്തരം പാസ്‌പോര്‍ട്ടുകളെല്ലാമാണ് റീ ഇഷ്യു ചെയ്യാന്‍ അപേക്ഷ നല്‍കി മാറ്റിയെടുക്കേണ്ടത്.
പുതിയ സംവിധാനപ്രകാരം പാസ്‌പോര്‍ട്ടുകളില്‍ മാറ്റം വരുത്തുന്നതിന് അപേക്ഷിച്ചാല്‍ അപേക്ഷിച്ച തിയതി മുതല്‍ പത്ത് വര്‍ഷത്തേക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.