കേരളത്തിൽ സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഫണ്ടുകളുടെ സാന്നിധ്യം രാജ്യാന്തര സ്വർണ മാർക്കറ്റിനെ ഏഴു വർഷത്തെ ഉയർന്ന റേഞ്ചിലേക്ക് നയിച്ചു. മഞ്ഞലോഹത്തിന്റെ അപ്രതീക്ഷിത കുതിച്ചുചാട്ടത്തിന് മുന്നിൽ പതറി നിൽക്കുകയാണ് വിവാഹ പാർട്ടികളെങ്കിലും സ്വർണം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുന്ന തിരക്കിലാണ്. പോയവാരം പവന് 1000 രൂപ ഉയർന്നു, 30,480 രൂപയിൽ വിൽപന തുടങ്ങിയ പവൻ അഞ്ച് തവണ റെക്കോർഡ് പുതുക്കി. ശനിയാഴ്ച മാർക്കറ്റ് ക്ലോസിങിൽ നിരക്ക് 31,480 രൂപയിലാണ്, ഗ്രാമിന് 125 രൂപ വർധിച്ച് 3935 രൂപ. ജനുവരി ആദ്യം 29,000 രൂപയിൽ വ്യാപാരം നടന്ന പവൻ 54 ദിവസം കൊണ്ട് 2480 രൂപ ഉയർന്നു. ഇന്ന് ഗ്രാമിന് 4000 രൂപയും പവന് 32,000 രൂപയുമായി. ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ സ്വർണം ഏഴ് വർഷത്തെ ഉയർന്ന തലത്തിലാണ്.
ട്രോയ് ഔൺസിന് 1586 ഡോളറിൽ നിന്ന് സ്വർണം 1600 ഡോളറിലെ പ്രതിരോധം തകർത്ത് 1650 ഡോളർ വരെ ഉയർന്നു. കൊറോണ വൈറസ് ബാധ ഭീതിയിൽ ആഗോള ഓഹരി വിപണികളിൽ ഉടലെടുത്ത വിൽപന സമ്മർദം നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിച്ചു. 2011 ൽ രേഖപ്പെടുത്തിയ 1922 ഡോളറാണ് സ്വർണത്തിന്റെ റെക്കോർഡ് വില. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്താൽ 1700 ഡോളറിലേക്ക് കയറാൻ ശ്രമിക്കും. അതേ സമയം ബുൾ തരംഗം നിലനിർത്താനായാൽ 2012 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1780 ഡോളർ വരെ മുന്നേറാം.
ഇന്ത്യൻ രൂപയുടെ ചലനങ്ങൾ ഈ അവസരത്തിൽ നമ്മുടെ വിപണിയിൽ നിർണായകമാവും. വാരാന്ത്യം വിനിമയ നിരക്ക് 71.87 ലാണ്. ഡോളറിന് മുന്നിൽ രൂപ 72.17 വരെ ദുർബലമാകാൻ സാധ്യതയുണ്ട്. ജാപ്പനീസ് യെന്നും യു.എസ് ഡോളറും തമ്മിലുള്ള വിനിമയ യുദ്ധം ഈ വാരം സ്വർണത്തിൽ സ്വാധീനം ചെലുത്താം.
ഊഹക്കച്ചവടക്കാർ ഏലക്ക അവധി വ്യാപാരത്തിൽ സൃഷ്ടിച്ച വിൽപന സമ്മർദം റെഡി ചരക്കിനെയും ബാധിച്ചു. അവധി വ്യാപാരത്തിൽ കിലോ 4100 രൂപയിൽ തുടങ്ങിയ വിൽപന സമ്മർദത്തിൽ നിരക്ക് ഇതിനകം 3033 രൂപ വരെ താഴ്ന്നു. ഓഫ് സീസണായതിനാൽ ഏലക്ക വില ഉയരുമെന്ന വിശ്വാസത്തിലായിരുന്നു ഉൽപാദകർ.
എന്നാൽ അവധിയിലെ തളർച്ച മറയാക്കി വാങ്ങലുകാർ ലേലത്തിൽ തണുപ്പൻ മനോഭാവം സ്വീകരിച്ചത് വില ഇടിവ് രൂക്ഷമാക്കി. ഇതിനിടയിൽ ഉൽപാദകർ ചരക്ക് നീക്കം കുറച്ചത് ലേലം മുടങ്ങാൻ കാരണമായി. മാസാരംഭത്തിൽ കിലോ 4000-4400 രൂപയിൽ നീങ്ങിയ ഏലക്കയിപ്പോൾ 3986-3493 രൂപയിലാണ്. വിളവെടുപ്പ് അവസാനിച്ച വേളയിൽ ഇത്തരം ഒരു വില തകർച്ച കാർഷിക മേഖല കണക്കു കൂട്ടിയതല്ല.
ഇന്ത്യൻ കുരുമുളക് മികവ് നിലനിർത്തിയെങ്കിലും വിപണിയുടെ പ്രതീക്ഷക്ക് ഒത്ത് ആവശ്യക്കാരില്ല. തുടർച്ചയായ രണ്ടാം വാരവും വില കയറിയത് മുൻനിർത്തി ഉൽപാദകർ ചരക്കു നീക്കം കുറച്ചു. നിരക്ക് കൂടുതൽ ഉയർന്ന ശേഷം ചരക്ക് ഇറക്കാമെന്ന നിലപാടിലാണ് പലരും. അതേ സമയം സീസനായതിനാൽ ലഭ്യത ഉയരുമെന്ന നിഗമനത്തിലാണ് അന്തർസംസ്ഥാന ഇടപാടുകാർ. രാജ്യാന്തര വിപണിയിൽ മലബാർ മുളകിന് ഡിമാന്റില്ല.
യു.എസ്‌യൂറോപ്യൻ വാങ്ങലുകാർ ബ്രസീലിയൻ മുളകിലാണ് ശ്രദ്ധ ചെലുത്തുന്നത്. അവർ ടണ്ണിന് 1800 ഡോളറിന് ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 31,800 രൂപ.
മുഖ്യ വിപണികളിൽ റബർ വരവ് കുറഞ്ഞിട്ടും ടയർ വ്യവസായികൾ ഷീറ്റ് വില ഇടിച്ചു. കനത്ത പകൽ ചൂടിൽ റബർ ടാപ്പിങ് സ്തംഭിച്ചതിനാൽ വിപണിയിൽ ലഭ്യത കുറഞ്ഞതിനാൽ നിയന്ത്രണം കൈപ്പിടയിൽ ഒതുക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സ്‌റ്റോക്കിസ്റ്റുകൾ. എന്നാൽ ഡിമാന്റ് മങ്ങിയതോടെ ആർ എസ് എസ് നാലാം ഗ്രേഡ് 13,600 രൂപയായി. അഞ്ചാം ഗ്രേഡിന് 300 രൂപ ഇടിഞ്ഞ് 13,100 രൂപയായി.
നാളികേരോൽപന്നങ്ങൾ ശേഖരിക്കാതെ വൻകിട മില്ലുകാർ കൊപ്ര സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വെളിച്ചെണ്ണ വിലയെ ബാധിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ വില 15,100 ലും കൊപ്ര 10,135 രൂപയിലും വ്യാപാരം അവസാനിച്ചു. തമിഴ്‌നാട്ടിൽ കൊപ്ര വില 10,000 രൂപ. മാസാവസാനത്തോടെ കൊപ്രക്ക് അഞ്ചക്കത്തിലെ താങ്ങ് നഷ്ടപ്പെടാൻ ഇടയുണ്ട്.