Sorry, you need to enable JavaScript to visit this website.

കേളി ഇടപെടൽ; എട്ട് വർഷത്തെ ദുരിതത്തിനൊടുവിൽ കൃഷ്ണപ്പിള്ള നാടണഞ്ഞു

കേളി അൽഖർജ് രക്ഷാധികാരി സമിതി അംഗം രാജു സി.കെ കൃഷ്ണപ്പിള്ളക്ക് യാത്രാരേഖകൾ കൈമാറുന്നു.

റിയാദ് - ഇഖാമ പുതുക്കാൻ സാധിക്കാതെയും ആവശ്യമായ ചികിത്സയില്ലാതെയും എട്ട് വർഷത്തോളം ദുരിതത്തിലായ പത്തനംതിട്ട സ്വദേശി റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ ഇടപെടലിൽ നാട്ടിലെത്തി. 34 വർഷമായി അൽഖർജിലെ ഹരീഖിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്ന പത്തനംതിട്ട  ആറന്മുള സ്വദേശി കൃഷ്ണപ്പിള്ളയാണ് കഴിഞ്ഞ ദിവസം തർഹീൽ വഴി നാട്ടിലേക്ക് പോയത്. കൃത്യമായി ഇടവേളകളിൽ നാട്ടിൽ പോകാൻ ആദ്യകാലങ്ങളിൽ തന്നെ ബുദ്ധിമുട്ടിയിരുന്നു. എങ്കിലും ശമ്പളവും മറ്റും കൃത്യതയോടെ കിട്ടുന്നതിനാൽ അവധിക്ക് പോകുന്ന സമയത്തിലെ അപാകത ഒരു പ്രശ്‌നമായി കൃഷ്ണപ്പിള്ള കണക്കാക്കിയിരുന്നില്ല.
എന്നാൽ തൊഴിൽ നിയമത്തിലെ പരിഷ്‌കാരങ്ങളും ഇഖാമ പുതുക്കാൻ  ലെവിയും മറ്റും അടക്കേണ്ട സ്ഥിതി വന്നതിനു ശേഷം 8 വർഷത്തോളം ഇഖാമയില്ലാതെ ജോലി ചെയ്യാൻ  നിർബന്ധിതനായി. അതിനിടയിൽ ഹൃദ്രോഗം പിടിപെട്ട കൃഷ്ണപ്പിള്ളക്ക് പൂർണമായി ചികിത്സ പോലും നടത്താൻ സാധിക്കാത്ത സ്ഥിതി വന്നു. നിസ്സഹായവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കൾ കേളിയെ സമീപിച്ച് നാട്ടിൽ പോകാനുള്ള മാർഗം ആരായുകയുമായിരുന്നു.


കേളി ജീവകാരുണ്യ വിഭാഗം വിഷയം എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് എംബസി ഇടപെടുകയും തർഹീൽ വഴി എക്‌സിറ്റ് അടിക്കാനുള്ള രേഖകൾ തയ്യാറാക്കി നൽകുകയും ചെയ്തു. 
കൃഷ്ണപ്പിള്ള ജോലി ചെയ്ത കമ്പനിയുമായും അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിച്ചുമുള്ള കേളി പ്രവർത്തകരുടെ ഇടപെടലാണ് കൃഷ്ണപ്പിള്ളക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കിയത്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച കേളിയോടും, ഇന്ത്യൻ എംബസിയോടും, കേളി അൽഖർജ് ഏരിയയിലെ പ്രവർത്തകരായ രാജൻ പള്ളിത്തടം, ലിപിൻ,  രാജു സി.കെ, തിലകൻ, നാസർ പൊന്നാനി, ഷാൻ കൊല്ലം, ബഷീർ, ചന്ദ്രൻ, ഡേവിഡ് രാജ് എന്നിവരോടും നന്ദി അറിയിച്ച് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ കൃഷ്ണപ്പിള്ള നാട്ടിലേക്ക് തിരിച്ചു.

 

 

Latest News