ചെന്നൈ- ബി.ജെ.പി യോഗത്തിനിടെ മോഡിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി ചെന്നൈയില്‍ സംഘടിപ്പിച്ച യോഗത്തിനിടെയാണ് ചെന്നൈ സ്വദേശിയായ കനകനാഥന്‍ മോദിക്കെതിരായി പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്.
മുദ്രാവാക്യം കേട്ടതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാവ് താമസിച്ച വീട് വളയുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.'ഡൗണ്‍ ഡൗണ്‍ മോഡി' എന്നാണ് യോഗത്തിനിടെ കനകനാഥന്‍ വീടിന്റെ ടെറസിന് മുകളില്‍ നിന്നും വിളിച്ചത്. അതെ സമയം യുവാവിന്റെ അറസ്റ്റിനെതിരെ മനുഷ്യാവകാശ അഭിഭാഷകനായ സുധാ രാമലിങ്കം രംഗത്തുവന്നു. കനകനാഥന്റെ അറസ്റ്റ് തന്നെ നിയമവിരുദ്ധമാണെന്ന് പറഞ്ഞ സുധാ രാമലിങ്കം ഈ വിഷയത്തില്‍ സുപ്രീം കോടതി മുമ്പൊരു പരാമര്‍ശം തന്നെ നടത്തിയിട്ടുണ്ടെന്നും പ്രതികരിച്ചു. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന് ശ്രമിക്കുന്ന മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും വീട്ടില്‍ നിന്നോ റോഡില്‍ നിന്നോ അലറിവിളിച്ചെന്ന്, മുദ്രാവാക്യം വിളിച്ചെന്ന് കരുതി ഒരാളെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഇങ്ങനെയല്ല ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. സാക്ഷികളെ സ്വാധീനിക്കുകയോ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം ഒരാളെ റിമാന്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധ കൂട്ടിച്ചേര്‍ത്തു.