ഹൈദരാബാദ്- വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പകരം പുല്‍വാമയില്‍ ജീവത്യാഗം ചെയ്ത ധീരന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് വേണ്ടതെന്നും ബജ്റംഗ്ദളിന്റെ ആഹ്വാനം.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടമായതിനാല്‍ പ്രണയദിനം ആഘോഷിക്കരുതെന്ന് ബജ്റംഗ്ദള്‍ തെലങ്കാന സ്റ്റേറ്റ് യൂണിറ്റാണ്
ആഹ്വാനം ചെയ്തത്.
പ്രണയദിനത്തില്‍ ഹൈദരാബാദ് സിറ്റിയില്‍ ആഘോഷങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പിയെ കണ്ട് അഭ്യര്‍ഥിച്ചതായും ബജ്‌റംഗ്ദള്‍ സംസ്ഥാന കോ-കണ്‍വീനര്‍ എം സുഭാഷ് ചന്ദര്‍ പറഞ്ഞു. ഞങ്ങള്‍ പ്രണയത്തിന് എതിരല്ല, മറിച്ച് സംസ്‌കാരത്തിന്റെ രക്ഷകരാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രണയദിനത്തില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും അങ്ങനെ ചെയ്താല്‍ എതിര്‍ക്കുമെന്നും പബ്ബുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷിക്കരുതെന്നും ഫെബ്രുവരി 14 ന് വീര്‍ ജവാന്‍ ഡേ ആയി ആചരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14 നാണ് പുല്‍വാമ ആക്രമണത്തില്‍ 40 ഓളം സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഈ വര്‍ഷം അതേക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രണയദിനത്തേക്കാള്‍ വീര്‍ ജവാന്‍ ദിനം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചതായി ബജ്‌റംഗ് ദള്‍ ഹൈദരാബാദ് പ്രസിഡന്റ് ശ്രീനിവാസ് റാണു പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്ത് ആരും നിയമം കൈയിലെടുക്കരുതെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.