Sorry, you need to enable JavaScript to visit this website.

അഡ്വ.ഹബീബ് റഹ്മാൻ പുരസ്‌കാരം ഷജീർ ഇഖ്ബാലിന് 

ജിദ്ദ കെ.എം.സി.സി നേതാക്കളും ലീഗ് നേതാക്കളും കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ. ഇൻസെറ്റിൽ ഷജീർ ഇഖ്ബാൽ

കണ്ണൂർ- ജിദ്ദ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മൂന്നാമത് അഡ്വ.ഹബീബ് റഹ്മാൻ സ്മാരക പുരസ്‌കാരത്തിന് എം.എസ്.എഫ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഷജീർ ഇഖ്ബാൽ അർഹനായി. പുരസ്‌കാര സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മികച്ച പൊതുപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകർക്കുമായി നൽകുന്ന ഈ പുരസ്‌കാരം ജിദ്ദ കെ. എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സിൽവർ ജൂബിലി വർഷത്തിലാണ് സമ്മാനിക്കുന്നത്. 
മലയാളം ന്യൂസ് എഡിറ്റർ സി.ഒ.ടി. അസീസ്,  സാമൂഹ്യ പ്രവർത്തകൻ കെ.പി. മുഹമ്മദ് കുട്ടി എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്‌കാരം സമ്മാനിച്ചത്. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരിം ചേലേരി, സെക്രട്ടറി അൻസാരി തില്ലങ്കേരി, എം.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡണ്ട്  ഫൈസൽ ചെറുകുന്നോൻ, കെ.എം.സി.സി നേതാവ് എസ്.എൽ.പി മുഹമ്മദ് കുഞ്ഞി എന്നിവരടങ്ങിയ സമിതിയാണ് ഈ വർഷത്തെ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
പയ്യന്നൂർ പെരിങ്ങോം സ്വദേശിയായ ഷജീർ ഇഖ്ബാൽ, വിദ്യാർഥി സംഘടനാ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ മേഖലകളിലും സജീവമാണ്. തളിപ്പറമ്പ് സി.എച്ച്.സെന്റർ പെരിങ്ങോം വയക്കര പഞ്ചായത്ത് കോർഡിനേറ്ററാണ്.
10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 21 ന് ജിദ്ദയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. അഡ്വ. അബ്ദുൽ കരിം ചേലേരി, അൻസാരി തില്ലങ്കേരി, അബ്ദുല്ല പാലേരി, എസ്.എൽ.പി മുഹമ്മദ് കുഞ്ഞി, ഫൈസൽ ചെറുകുന്നോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 



 

Latest News