തിരുവനന്തപുരം- പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതിപക്ഷം വീണ്ടും നിയമസഭയില്‍ ഉന്നയിച്ചു. അലനെയും താഹയെയും അന്യായമായി തടങ്കലില്‍വെക്കുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
രണ്ട് വിദ്യാര്‍ഥികളെ എന്‍.ഐ.എക്ക് എറിഞ്ഞു കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്ന് മുനീര്‍ ആരോപിച്ചു. യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്തു. അലനില്‍ നിന്നും താഹയില്‍ നിന്നും കണ്ടെടുത്തത് സി.പി.എം ഭരണഘടനയാണെന്നും മുനീര്‍ പറഞ്ഞു.
യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ ഇടയാക്കിയത്. രണ്ട് വിദ്യാര്‍ഥികളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്. എന്‍.ഐ.എയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് തിരിച്ചെടുക്കണം. എന്ത് തെറ്റാണ് അവര്‍ ചെയ്തതെന്ന് വ്യക്തമാക്കണം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രിയും രണ്ട് വിധത്തിലാണ് പറയുന്നത്-മുനീര്‍ ചൂണ്ടിക്കാട്ടി.
പന്തീരങ്കാവ് യു.എ.പി.എ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത് സ്വമേധയാ ആണെന്ന് പ്രതിപക്ഷ ആരോപണം നിഷേധിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാന്‍ നേരത്തെ തന്നെ യു.എ.പി.എ കേസിലെ പ്രതിയാണ്. മക്കള്‍ ജയിലിലായാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക ഉണ്ടാകുന്നത് സ്വഭാവികമാണെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.