പൗരത്വഭേദഗതിയില്‍ അനുകൂലിക്കുന്നതിനായി ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ 'പൗരത്വഭേദഗതിയും ഊഹാപോഹങ്ങളും' പരിപാടി പാളിയതായി റിപ്പോര്‍ട്ട്. അത്താഴവിരുന്നടക്കം ഒരുക്കി മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടത്തിയ പ്രചരണപരിപാടിക്ക് കേന്ദ്രമന്ത്രി പിയുഷ് ഗോയലും ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജെയ് പാണ്ടയുമായിരുന്നു നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ താരങ്ങളുടെ പങ്കാളിത്തം വളരെ കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
റിതേഷ് സിദ്ധ്വാനി,ഭൂഷണ്‍ കുമാര്‍,ഷാന്‍,അനുമാലിക്, രമേശ് തൗറാനി,രാഹുല്‍ രവാലി,പ്രസൂണ്‍ ജോഷി,റണ്‍വീര്‍ ഷെറോയ്,അഭിഷേക് കപൂര്‍,കൈലൈഷ് ഖേര്‍,ശശി രഞ്ജന്‍,അനുരഞ്ജന്‍, ഊര്‍വഷി റൗത്താല തുടങ്ങി ബോളിവുഡില്‍ അത്ര പ്രശസ്തരല്ലാത്ത ചിലര്‍ മാത്രമാണ് പങ്കെടുത്തത്.
ജാവേദ് അക്തര്‍,വിക്കി കൗശാല്‍,ആയുഷ്മാന്‍ ഖുറാന,രവീണ ടെണ്ടന്‍,ബോണി കപൂര്‍,കങ്കണ റനൗട്ട്,മധുര്‍ ബണ്ടാക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായി ഊഹാപോഹങ്ങളുണ്ടായെങ്കിലും ആരെയും കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പൗരത്വഭേദഗതി സംബന്ധിച്ച ആശങ്കകള്‍ വ്യക്തമാക്കുന്നതിന്റെ ഭാഗമായി മാത്രമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും അതിന് കൂടുതല്‍ പേരെ ഇവിടെ പ്രതീക്ഷിച്ചിരുന്നതായും പങ്കെടുത്ത ഒരു താരം പ്രതികരിച്ചു.പൗരത്വഭേദഗതിക്ക് എതിരെ നടന്‍ റിച്ച ഛദ്ദ, കബീര്‍ ഖാനും മുംബൈയില്‍ വേറിട്ട പ്രതിഷേധം നടത്തിയിരുന്നു. ഇവരെ ബിജെപി നേതാക്കള്‍ പരിപാടിക്കായി ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.വരും നാളുകളിലും പൗരത്വഭേദഗതിക്ക് അനുകൂല പ്രചരണം നടത്താനായി കേന്ദ്രസര്‍ക്കാര്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് വിവരം.