മനില - ക്രിസ്മസ് ദിനത്തിൽ ഫിലിപ്പീൻസിന്റെ മധ്യ മേഖലയിൽ വീശിയടിച്ച ഫാൻഫോൺ ചുഴലിക്കാറ്റിൽ 16 മരണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റ് വൻനാശമാണ് വരുത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു.
മധ്യ ഫിലിപ്പീൻസിലെ നിരവധി ഗ്രാമങ്ങളിലും ടൂറിസ്റ്റ് റിസോർട്ടുകളിലുമാണ് ചുഴലിക്കാറ്റ് ഏറ്റവും നാശം വിതച്ചത്. നിരവധി കൂറ്റൻ മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി. വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. വൻ കെട്ടിടങ്ങളുടെ ജനൽചില്ലുകൾ പൊട്ടിത്തകർന്നു. വിസായാസ് മേഖലയിലെ ഗ്രാമങ്ങളിലും, ബോറാകെ, കോറോൺ തുടങ്ങിയ ടൂറിസ്റ്റ് പട്ടണങ്ങളിലും ചൊവ്വാഴ്ച രാത്രിയോടെയാണ് കാറ്റ് എത്തിയത്. ബോറാകെ, അക്‌ലാൻ ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഫെറി സർവീസ് നിർത്തിവെച്ചു. അക്‌ലാനിലെ കാലിബോ വിമാനത്താവളത്തിൽ കാറ്റ് വൻനാശമാണ് വിതച്ചത്.
കാറ്റിൽ വൈദ്യുതിയും ഇന്റർനെറ്റും നിലച്ചത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. വിദേശ ടൂറിസ്റ്റുകൾക്ക് തങ്ങളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ കഴിയാതെയായി. മരങ്ങളും വീണ് പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി.