Sorry, you need to enable JavaScript to visit this website.

റബർ വിലയിൽ ചാഞ്ചാട്ടം;  സംഘർഷം കുരുമുളകിനെ തളർത്തി

റബർ വിലയിൽ ചാഞ്ചാട്ടം, രാജ്യാന്തര അവധി വ്യാപാരത്തിലെ ലാഭമെടുപ്പ് വിപണിയെ തളർത്തി. ക്രിസ്മസ് ആവശ്യങ്ങൾ മുൻനിർത്തി സ്‌റ്റോക്കിസ്റ്റുകൾ കൂടുതൽ റബർ വിൽപനക്ക് ഇറക്കി. ഈ അവസരത്തിൽ നിക്ഷേപകർ അവധി വ്യാപാരത്തിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ നിന്നുള്ള വിളവ് ഉയർന്നു. എന്നാൽ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചത് ഇല പൊഴിച്ചിൽ രൂക്ഷമാക്കി. വ്യവസായികൾ വാരാരംഭത്തിൽ കോട്ടയത്ത് നാലാം ഗ്രേഡ് 13,300 ന് ശേഖരിച്ചങ്കിലും പിന്നീട് അവർ നിരക്ക് 13,150 രൂപയായി കുറച്ചു. 


അന്താരാഷ്ട്ര റബർ വില ഉയർന്നതിനാൽ തിരക്കിട്ടുള്ള ഇറക്കുമതിയിൽ നിന്ന് ഇന്ത്യൻ കമ്പനികൾ വിട്ടു നിൽക്കുകയാണ്. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ചരക്ക് 11,600 വരെ കയറിയ ശേഷം ക്ലോസിങിൽ 11,456 രൂപയിലാണ്. ടോകോം എക്‌സ്‌ചേഞ്ചിലും റബർ വില താഴ്ന്നു. വർഷാന്ത്യമായതിനാൽ ലാഭമെടുപ്പിനുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാം. കുരുമുളകിനായി അന്തർ സംസ്ഥാന വ്യാപാരികൾ ഉത്സാഹിച്ചത് വാരമധ്യം വരെ ഉൽപന്ന വില ഉയർത്തിയെങ്കിലും രണ്ടാം പകുതിയിൽ ഡിമാന്റ് മങ്ങി. 


ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പൗരത്വ ബിൽ പ്രശ്‌നം സംഘട്ടനാവസ്ഥയിലേയ്ക്ക് നീങ്ങിയത് വിപണികളുടെ പ്രവർത്തനങ്ങളെ ബാധിച്ചു. പ്രതിസന്ധി കണ്ട് വാങ്ങലുകാർ സംഭരണം കുറച്ചു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 33,400 രൂപ.
രാജ്യാന്തര സുഗന്ധവ്യഞ്ജന വിപണി ഹോളിഡേ മൂഡിലാണ്. യു.എസ്, യൂറോപ്യൻ വാങ്ങലുകാർ ഇനി ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷമേ രംഗത്ത് തിരിച്ചെത്തൂ. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. വിയറ്റ്‌നാമും ബ്രസീലും താഴ്ന്ന നിരക്കിലെ ക്വട്ടേഷൻ ഇറക്കി.      
ഉത്സവ ഡിമാന്റിൽ ഏലക്ക വില ആകർഷകമായി. ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയർന്നത് വാങ്ങലുകാരിലും ആവേശം ഉളവാക്കി. വിദേശ രാജ്യങ്ങൾ ഏലത്തിനായി രംഗത്തുണ്ട്. കുവൈത്തിൽ നിന്നുള്ള ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചതോടെ നിരക്ക് കിലോ 3600 ലേക്ക് കയറി. അതേ സമയം ക്രിസ്മസ് വാങ്ങലുകൾ പൂർത്തിയാക്കി ആഭ്യന്തര ഇടപാടുകാർ രംഗം വിട്ടു. വിളവെടുപ്പ് അവസാന ഘട്ടത്തിലായതിനാൽ വേഗത്തിൽ ചരക്ക് സംഭരിക്കാനുള്ള ശ്രമത്തിലാണ് കയറ്റുമതി മേഖല.  

            
കൊച്ചിയിൽ വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റു പല മൊത്ത വിപണികളിലും സ്‌റ്റെഡിയായി നീങ്ങി. തമിഴ്‌നാട് ലോബി നിരക്ക് ഉയർത്തിയാണ് സ്‌റ്റോക്ക് ഇറക്കുന്നത്. എന്നാൽ അവർ കൊപ്ര സംഭരണ രംഗത്ത് സജീവമല്ല. കൊച്ചിയിൽ വെളിച്ചെണ്ണ 14,750 ൽ നിന്ന് 15,000 രൂപയായി. കൊപ്ര 10,040 രൂപയിലാണ്. 
കേരളത്തിൽ സ്വർണ വില ഉയർന്നു. പവൻ 28,240 രൂപയിൽ നിന്ന് 28,360 രൂപയായി. ഒരു ഗ്രാമിന് വില 3545 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1475 ഡോളറിൽ നിന്ന് 1481 വരെ ഉയർന്നു. വർഷാന്ത്യമായതിനാൽ ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് ഫണ്ടുകൾ നീക്കം നടത്താനുള്ള സാധ്യതകൾ ചാഞ്ചാട്ടത്തിന് ഇടയാക്കാം. ഡെയ്‌ലി ചാർട്ടിൽ സ്വർണത്തിന് 1459 ഡോളറിൽ താങ്ങും 1484 ഡോളറിൽ പ്രതിരോധവുമുണ്ട്.  

 

Latest News