ഏലം സീസൺ അവസാനിക്കും മുമ്പേ ഉൽവന്നം ശേഖരിക്കാൻ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിച്ചു. ഏലക്ക ഉൽപാദനം ഈ സീസണിൽ ഉയർന്നതായാണ് കാർഷിക മേഖലകളിൽ നിന്നുള്ള വിവരം. കീടബാധ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടിയതും മികച്ച കാലാവസ്ഥയും വിളവ് ഉയർത്തി. ഒപ്പം കർഷകരുടെ പരിചരണവും വള പ്രയോഗങ്ങളും ഹൈറേഞ്ചിലെ തോട്ടങ്ങളിൽ സുഗന്ധ റാണിയെ താരമാക്കി. കഴിഞ്ഞ സീസണിൽ കിലോ 7000 രൂപ വരെ ഉറപ്പ് വരുത്താനായത് ഏലം കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഒട്ടുമിക്ക തോട്ടങ്ങളിലും വിളവെടുപ്പ് അവസാന റൗണ്ടിലേയ്ക്ക് നീങ്ങുകയാണ്. ക്രിസ്മസ് വേളയിലെ ഉയർന്ന വില ലക്ഷ്യമാക്കി കർഷകർ കൂടുതൽ ചരക്ക് ഇറക്കി. പിന്നിട്ട വാരം ഒറ്റ ദിവസം 125 ടണ്ണിൽ അധികം ഏലക്ക ലേലത്തിന് എത്തി. ഇക്കുറിയും ഓഫ് സീസണിൽ വില ഉയരുമെന്നാണ് കർഷകരുടെ പക്ഷം. പിന്നിട്ട വാരം ഏലം കിലോ 3200 രൂപക്ക് മുകളിൽ നിലകൊണ്ടുവെന്ന് മാത്രമല്ല വാരാന്ത്യം 3500 ലേയ്ക്ക് ഉയരുകയും ചെയ്തു. പല ദിവസങ്ങളിലും അര ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് ലേലത്തിന് എത്തി. ആഭ്യന്തര വിദേശ ഡിമാന്റ് തുടരുന്നു.
ചുക്ക് വിപണി സജീവം. വടക്കെ ഇന്ത്യയിൽ തണുപ്പ് ശക്തമായതോടെ ചുക്കിന് ആവശ്യം വർധിച്ചു. തണുപ്പ് കാലത്തെ പകർച്ചവ്യാധികൾ മുന്നിൽ കണ്ട് പലരും ഉയർന്ന അളവിൽ ചുക്ക് വാങ്ങി. കൊച്ചിയിൽ പുതിയ ചുക്ക് വിൽപനയ്ക്ക് എത്തുന്നുണ്ട്. ആഭ്യന്തര വ്യാപാരികൾക്ക് പുറമെ അറബ് രാജ്യങ്ങളിൽ നിന്നും ഓർഡർ ലഭിച്ചവരും ചുക്ക് സംഭരിക്കുന്നുണ്ട്. വിവിധയിനം ചുക്ക് 25,000-27,500 രൂപ. കുരുമുളകിന് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ആവശ്യം വർധിച്ചതോടെ വില വീണ്ടും ഉയർന്നു. ക്രിസ്മസ് മുന്നിൽ കണ്ട് സ്റ്റോക്ക് ഇറക്കാൻ വൻകിടകാർ നീക്കം തുടങ്ങി. ഉത്തരേന്ത്യയിലെ പൗഡർ യൂനിറ്റുകൾ ചരക്കിൽ താൽപര്യം കാണിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 35,300 രൂപയിൽ നിന്ന് 35,600 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5100 ഡോളർ.
വെളിച്ചെണ്ണ വിൽപന ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ല. തമിഴ്നാട്ടിലെ മില്ലുകാർ സ്റ്റോക്ക് ഇറക്കാൻ നടത്തിയ നീക്കങ്ങൾ മൂലം കൊച്ചിയിൽ വെളിച്ചെണ്ണ 14,750 രൂപയിലും കൊപ്ര 9910 രൂപയിലുമാണ്. കാങ്കയത്ത് കൊപ്ര 9350 രൂപയിലാണ്. വിളവെടുപ്പ് തുടരുന്നതിനാൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയർന്നു.
ടയർ കമ്പനികൾ നിരക്ക് ഉയർത്തി റബറിന് ക്വട്ടേഷൻ ഇറക്കി. ഷീറ്റ് വരവ് ചുരുങ്ങിയതിനാൽ കോട്ടയത്ത് നാലാം ഗ്രേഡ് 13,000 രൂപയിൽ നിന്ന് 13,300 രൂപയായി. കൊച്ചിയിൽ 200 രൂപ വർധിച്ച് 13,200 ലാണ്. രാജ്യാന്തര വിപണിയിൽ വരും മാസങ്ങളിൽ ലഭ്യത ചുരുങ്ങുമെന്ന സൂചനകളും അവധി വ്യാപാരത്തിലെ വാങ്ങൽ താൽപര്യങ്ങളും വിപണിക്ക് കരുത്തായി. ടോക്കോമിൽ റബർ കിലോ 175 യെന്നിലാണ്. ബാങ്കോക്കിൽ 11,550 രൂപയിൽ വ്യാപാരം നടന്നു.
കേരളത്തിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. 28,120 രൂപയിൽ വിൽപന തുടങ്ങിയ പവൻ ഒരവസരത്തിൽ 28,000 ലേയ്ക്ക് താഴ്ന്നങ്കിലും ശനിയാഴ്ച്ച വില 28,240 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് വില 3530 രൂപ. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 1459 ഡോളറിൽ നിന്ന് 1475 ഡോളറായി.