ന്യൂദല്‍ഹി- രാജ്യത്ത് വിമാന കമ്പനികള്‍ പാലിക്കേണ്ട വ്യോമ സുരക്ഷാ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു. എട്ടു പതിറ്റാണ്ടു പഴക്കമുള്ള ചട്ടങ്ങള്‍ പരിഷ്ക്കരിച്ച് പിഴത്തുക 10 ഇരട്ടി വരെ വര്‍ധിപ്പിക്കാനാണു നീക്കം. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമായി. വിമാനങ്ങളുടെ സാങ്കേതിക തകരാറുകള്‍ ഈയിടെയായി വര്‍ധിച്ച സാഹചര്യത്തിലാണിത്. എയര്‍ക്രാഫ്റ്റ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായാല്‍ വ്യോമ സുരക്ഷാ ചട്ടം ലംഘനത്തിലുള്ള പരമാവധി പിഴ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ നല്‍കേണ്ടി വരും. സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കാന്‍ ഡിജിസിഎ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നീ ഏജന്‍സികളോടും പുതിയ നിയമം അനുശാസിക്കുന്നു. സാങ്കേതിക തകരാറുള്ള വിമാനങ്ങളുടെ എഞ്ചിന് എത്രയും വേഗം മാറ്റണമെന്ന് ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനികളോട് ഡിജിസിഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു.