ന്യൂഡൽഹി: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 14,15, 16 എന്നിവയെ ലംഘിക്കുന്നതും രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും വിവേചനം അടിച്ചേൽപ്പിക്കുന്നതുമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യൂ.ആർ ഇല്യാസ് ആരോപിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യത സർക്കാർ നിഷേധിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിൽ കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യൻ അഭയാർഥികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുകയും മുസ്‌ലിം ജനവിഭാഗത്തിന് മാത്രം നിഷേധിക്കുകയും ചെയ്യുന്നതിലൂടെ വംശീയ വിരോധം ആണ് സർക്കാരിന്റെ മുഖമുദ്ര എന്ന് വ്യക്തമാവുകയാണ്. യഥാർത്ഥത്തിൽ മുസ്‌ലിംകളുടെ മാത്രം പൗരത്വാവകാശത്തെ തടയാനുള്ള ഈ നീക്കം രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കടക വിരുദ്ധമാണ്.
സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ബിജെപി സർക്കാർ ഈ ബില്ലിലൂടെ ചോദ്യം ചെയ്യുന്നത്. ആർ.എസ്.എസ് വിഭാവന ചെയ്യുന്ന സവർണാധിപത്യത്തിലധിഷ്ഠിതമായ സംഘ് രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനുള്ള വഴിയായാണ് ബി.ജെ.പി സർക്കാർ ഈ ബിൽ കൊണ്ടു വരുന്നത്.
വോട്ട് ബാങ്ക് സൃഷ്ടിക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമം മാത്രമാണ് ഈ ബില്ലിന് പിന്നിലെ താത്പര്യം. മാനുഷികമോ രാഷ്ട്ര തന്ത്രപരമോ ആയ ഒരു കാരണവും ഈ ബില്ലിൽ ഇല്ല. അത് കൊണ്ടാണ് മറ്റ് അയൽ രാജ്യങ്ങളായ മ്യാൻമർ, ടിബറ്റ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികളെ അവഗണിച്ചത്.
സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണിത്. രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ നൽൽകുന്നതിലടക്കം സർക്കാർ പരാജയപ്പെട്ടു. ഇതിനെതിരായ ജനരോഷത്തെ മറികടക്കാൻ കേന്ദ്ര സർക്കാർ സ്ഥിരമായി ഹിന്ദു മുസ്ലിം ദ്വന്തം സൃഷ്ടിക്കുകയാണ്. ഈ വിഭാഗീയ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങൾ മുൻനിർത്തി ജനകീയ പ്രക്ഷോഭം ഉയർന്ന് വരണം. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും കൈകോർത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിരോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.