റിയാദ് - വിദേശ തൊഴിലാളികളുടെ പാസ്പോർട്ട് വിവരങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് കംപ്യൂട്ടർ സിസ്റ്റത്തിൽ പുതുക്കേണ്ട ഉത്തരവാദിത്തം സ്പോൺസർമാർക്കാണെന്ന് ജവാസാത്ത് വ്യക്തമാക്കി.
തന്റെ സ്പോൺസർഷിപ്പിലുള്ള വിദേശ തൊഴിലാളിക്ക് റീ-എൻട്രി നൽകുന്നതിനുള്ള നടപടികൾ ഓൺലൈൻ വഴി പൂർത്തിയാക്കാൻ ശ്രമിച്ചപ്പോൾ പാസ്പോർട്ടിൽ മൂന്നു മാസത്തിലേറെ കാലാവധി ഉണ്ടായിരിക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും തൊഴിലാളിയുടെ പാസ്പോർട്ട് അടുത്തിടെ പുതുക്കിയതാണെന്നും ഇനിയെന്താണ് ചെയ്യേണ്ടതെന്നുമുള്ള സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ജവാസാത്തിന്റെ ഓൺലൈൻ സേവനങ്ങളായ അബ്ശിറും മുഖീമും വഴി തൊഴിലാളികളുടെ പാസ്പോർട്ട് വിവരങ്ങൾ പുതുക്കുന്നതിന് സ്പോൺസർ ബാധ്യസ്ഥനാണ്. ഓൺലൈൻ വഴി പാസ്പോർട്ട് വിവരങ്ങൾ പുതുക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ഈ സേവനത്തിന് ജവാസാത്ത് ഓഫീസിനെ നേരിട്ട് സമീപിക്കാവുന്നതാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൂന്നു മാസത്തിൽ കുറവ് കാലാവധിയുള്ള പാസ്പോർട്ടുകളിൽ റീ-എൻട്രി വിസ ലഭിക്കില്ല.