Sorry, you need to enable JavaScript to visit this website.

പെട്രോളിയം മേഖലയിൽ  സൗദി വനിതകൾക്ക് പരിശീലനം

റിയാദ് - പെട്രോളിയം മേഖലയിലെ തൊഴിലുകളിൽ സൗദി വനിതകൾക്ക് പഠന, പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നതിനെ കുറിച്ച് സൗദി ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പെട്രോളിയം സർവീസസ് ബോർഡ് ഓഫ് ട്രസ്റ്റീസ് പഠിക്കുന്നതായി ഊർജ മന്ത്രാലയത്തിലെ ഉപദേഷ്ടാവും ഇൻസ്റ്റിറ്റിയൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുറഹ്മാൻ അബ്ദുൽ കരീം വെളിപ്പെടുത്തി. ഇൻസ്റ്റിറ്റിയൂട്ടിൽ പഠനം പൂർത്തിയാക്കിയ പത്താമത് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പെട്രോളിയം മേഖലയിൽ വനിതകൾക്ക് ഇണങ്ങുന്ന തൊഴിലുകളിൽ പഠന, പരിശീലന കോഴ്‌സുകൾ ആരംഭിക്കാനാണ് ആലോചിക്കുന്നത്. സൗദി ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പെട്രോളിയം സർവീസസിലോ മറ്റു ഇൻസ്റ്റിറ്റിയൂട്ടുകളിലോ വിദ്യാർഥിനികൾക്ക് പരിശീലനം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. 
ഊർജ മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത കോഴ്‌സുകൾ പൂർത്തിയാക്കിയ 328 വിദ്യാർഥികളാണ് പത്താം ബാച്ചിലുള്ളത്. പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ച് യോഗ്യരായ സൗദി ഉദ്യോഗാർഥികളെ വാർത്തെടുക്കുന്നതിനാണ് ഇൻസ്റ്റിറ്റിയൂട്ട് ലക്ഷ്യമിടുന്നത്. ഊർജ മേഖലയിൽ സ്വദേശി ഉദ്യോഗാർഥികൾക്കുള്ള കുറവ് നികത്തുന്നതിന് മറ്റു വകുപ്പുകളുമായും ഇൻസ്റ്റിറ്റിയൂട്ട് സഹകരിക്കുന്നുണ്ടെന്ന് അബ്ദുറഹ്മാൻ അബ്ദുൽ കരീം പറഞ്ഞു.
പെട്രോളിയം മേഖലാ തൊഴിലുകളിൽ സൗദി യുവതികൾക്ക് പരിശീലനം നൽകുന്നതിനെ കുറിച്ച പഠനം ഏറെ പുരോഗമിച്ചതായി സൗദി അറാംകോ വൈസ് പ്രസിഡന്റ് എൻജിനീയർ അബ്ദുൽ ഹമീദ് അൽറശീദ് പറഞ്ഞു. വനിതകൾക്ക് ഇണങ്ങുന്ന മേഖലകളിൽ ആദ്യ ബാച്ച് വിദ്യാർഥിനികൾക്ക് അടുത്ത വർഷം പരിശീലനം നൽകിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി ചെയ്യുന്ന എല്ലാ മേഖലകളിലും ഉയർന്ന കഴിവും പ്രാപ്തിയും തെളിയിക്കുന്നതിന് സൗദി യുവതികൾക്ക് സാധിച്ചിട്ടുണ്ടെന്നും അബ്ദുൽ ഹമീദ് അൽറശീദ് പറഞ്ഞു. 
ദമാമിലെയും ഖഫ്ജിയിലെയും ഇൻസ്റ്റിറ്റിയൂട്ട് ശാഖകളിൽനിന്ന് പെട്രോളിയം മേഖലാ തൊഴിലുകളിൽ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന പത്താമത് ബാച്ചിൽ ആകെ 659 വിദ്യാർഥികളാണുള്ളതെന്ന് സൗദി ടെക്‌നിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പെട്രോളിയം സർവീസസ് ഡയറക്ടർ എൻജിനീയർ ബസ്സാം ബുഖാരി പറഞ്ഞു. ഇതിൽ 331 പേർ ഖഫ്ജി ശാഖയിലാണ് പഠനം പൂർത്തിയാക്കിയത്. പത്തു വർഷത്തിനിടെ ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് എണ്ണായിരത്തിലേറെ പേർ ബിരുദം നേടിയിട്ടുണ്ട്. മെക്കാനിക്കൽ, വെൽഡിംഗ്, പൈപ്പ് ഫിറ്റിംഗ്, ക്രെയിനുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ അടക്കം 12 മേഖലകളിലാണ് ഇൻസ്റ്റിറ്റിയൂട്ട് പരിശീലനം നൽകുന്നതെന്നും എൻജിനീയർ ബസ്സാം ബുഖാരി പറഞ്ഞു.
പെട്രോളിയം മേഖലയിലെ തൊഴിലുകളിൽ സ്വദേശികൾക്ക് പരിശീലനം നൽകുന്നതിനും ഈ മേഖലയിൽ സ്വദേശിവൽക്കരണത്തിലുള്ള ഏറ്റക്കുറച്ചിലുകൾ നികത്തുന്നതിനും നടത്തുന്ന ശ്രമങ്ങളെ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് പിന്തുണക്കുന്നതായി ചേംബർ പ്രസിഡന്റ് അബ്ദുൽ ഹകീം അൽഅമ്മാർ പറഞ്ഞു. ഈ ലക്ഷ്യത്തോടെ ഏതാനും സമ്മേളനങ്ങളും ഫോറങ്ങളും ചേംബർ മുൻകൈയെടുത്ത് സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി സൗദി യുവാക്കളെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റുന്നതിനുള്ള കരാറുകൾ ഈ സമ്മേളനങ്ങളിലും ഫോറങ്ങളിലും ഒപ്പുവെച്ചതായും അബ്ദുൽഹകീം അൽഅമ്മാർ പറഞ്ഞു. 

Latest News