Sorry, you need to enable JavaScript to visit this website.

സഭയിൽ പ്രക്ഷുബ്ദ രംഗങ്ങൾ; എം.എൽ.എമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ

തിരുവനന്തപുരം- കെ.എസ്.യു മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നിയമസഭ തടസപ്പെടുത്തിയ നാല് പ്രതിപക്ഷ എം.എൽ.എമാർക്കതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പി, ശ്രീരാമകൃഷ്ണൻ. എം.എൽ.എമാരായ റോജി എം.ജോൺ, എൽദോസ് കുന്നപ്പള്ളി, ഐ.സി ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവർ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചിരുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് സ്പീക്കർ സഭയെ അറിയിച്ചു. നാല് പേരും സഭാ മര്യാദകൾ ലംഘിച്ചെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സഭ നിർത്തിവച്ചിരുന്നു. വീണ്ടും ചോദ്യോത്തര വേള ആരംഭിച്ച സാഹചര്യത്തിൽ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചൊവ്വാഴ്ച കെ.എസ്.യു സംഘടിപ്പിച്ച മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപെടെയുളളവർക്ക് മർദ്ദനമേറ്റതിലാണ് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഡയസിന് സമീപം കയറി പ്രതിപക്ഷം പ്രതിഷേധിച്ചു.
ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം സഭയിൽ ഉയർത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ചോദ്യോത്തര വേള നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നെങ്കിലും ചോദ്യോത്തര വേള നിർത്തിവെക്കാൻ ആവില്ലെന്നും ഷാഫിയുടെ വിഷയത്തിൽ ലഭിച്ച അടിയന്തര നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.
 

Latest News