അലഹാബാദ്- എടിഎമ്മുകളോ ചെക്ക് ബുക്കുകളോ കറന്‍സിയായി രൂപയോ ഇല്ലാത്ത അലഹാബാദിലെ 'റാം നാം ബാങ്ക്' ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് ബോണസ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ആയോധ്യയിലെ ബാബരി ഭൂമി തര്‍ക്ക കേസില്‍ രാമ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി വിട്ടുകൊടുത്ത സുപ്രീം കോടതി വിധി മാനിച്ചാണ് ഈ ബോണസ് വിതരണം. ലോര്‍ഡ് റാം എന്നാണ് ഈ ബാങ്കിലെ കറന്‍സി അറിയപ്പെടുന്നത്. ലോര്‍ഡ് റാം എന്നെഴുതിയ ബുക്ക്‌ലെറ്റ് അക്കൗണ്ടുള്ളവര്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാം. ശ്രീ രാമന്റെ പേര് ചുരുങ്ങിയത് 1.25 ലക്ഷം തവണയെങ്കിലും എഴുതി ബാങ്കില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അവാര്‍ഡും ബാങ്ക് പ്രഖ്യാപിച്ചിരുന്നു. റാം നാം സേവ സന്‍സ്തന്‍ എന്ന സംഘടനയാണ് റാം നാം ബാങ്ക് നടത്തുന്നത്. ശ്രീ രാമന്റെ പേര് ഒരു തവണ എഴുതിയാല്‍ അതു രണ്ടായി കണക്കാക്കും. ഇത് കൈകൊണ്ട് എഴുതിയോ പ്രിന്റ് ചെയ്‌തോ നല്‍കാം.
റാം നാം ബാങ്ക് നല്‍കുന്ന അക്കൗണ്ട് ബുക്കിന് 30 പേജുകളാണുള്ളത്. ഓരോ പേജിലും 108 കള്ളികളുണ്ട്. ഇവിടെ ശ്രീരാമന്റെ പേര് എഴുതി സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. നവംബര്‍ പത്തിനാണ് ബോണസ് പ്രഖ്യാപിച്ചതെന്ന് ചെയര്‍മാന്‍ അശുതോഷ് വൈഷ്‌ണോയ് പറഞ്ഞു. അവാര്‍ഡ് ലഭിക്കുന്നവരെ 2020ല്‍ അലഹബാദിലെ സംഗമില്‍ നടക്കുന്ന കുംഭ മേളയില്‍ ഷോള്‍ അണിയിച്ച് ആദരിക്കും. ഒരു കോടിയിലേറെ തവണ ശ്രീരമാന്റെ പേര് എഴുതുന്നവര്‍ക്ക് മേളയിലെ ബാങ്കിന്റെ ക്യാംപില്‍ സൗജന്യ താമസം നല്‍കും. ഇതിനകം 12 ഭക്ത ഉപഭോക്താക്കള്‍ ഒരു കോടി എന്ന ലക്ഷ്യം കൈവരിച്ചതായും ബാങ്ക് അറിയിച്ചു.