ഹായിൽ - മലവെള്ളപ്പാച്ചിലിൽ പെട്ട് മറിഞ്ഞ കാറിൽ കുടുങ്ങിയ കുടുംബത്തെ രണ്ടു സൗദി യുവാക്കൾ അതിസാഹസികമായി രക്ഷപ്പെടുത്തി. ഹായിലിനു സമീപമുള്ള താഴ്‌വരയിലാണ് ടൊയോട്ട എഫ്.ജെ ക്രൂസർ ഇനത്തിൽ പെട്ട ജീപ്പ് മറിഞ്ഞത്. താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബത്തിന്റെ കാർ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് മറിയുകയായിരുന്നു.
അപകടം കണ്ട യുവാക്കൾ സ്വന്തം ജീവൻ തൃണവൽഗണിച്ച് കുടുംബത്തെ സുരക്ഷിതമായി രക്ഷിക്കുകയായിരുന്നു. ഒഴുക്കിൽ പെട്ട് മറിഞ്ഞ കാർ നിശ്ശേഷം തകർന്ന നിലയിലാണ്. ഒഴുക്കിൽ പെട്ട് മറിഞ്ഞ കാറിലെ യാത്രക്കാരെ യുവാക്കൾ സാഹസികമായി രക്ഷിക്കുന്നതിന്റെയും തകർന്ന കാറിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.