Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് പാക്കിസ്ഥാന്റെ ഇളവുകള്‍; പാസ്‌പോര്‍ട്ട് വേണ്ട, രണ്ടു ദിവസം ഫീസുമില്ല

ഇസ്ലാമാബാദ്- സിഖ് മതസ്ഥാപകന്‍ ഗുരു നാനകിന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പാക്കിസ്ഥാനിലെ കര്‍തര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയിലേക്കു തീര്‍ത്ഥാടനത്തിന് പോകുന്ന ഇന്ത്യയിലെ തീര്‍ത്ഥാടകര്‍ക്ക് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ടതില്ല, പകരം സാധുതയുള്ള ഐഡി മതിയാകും. യാത്രയ്ക്കു 10 ദിവസം മുമ്പ് മുന്‍കൂര്‍ ബുക്ക് ചെയ്യണമെന്ന നിബന്ധനയും ഇളവ് ചെയ്തു. കര്‍തര്‍പൂര്‍ തീര്‍ത്ഥാടനത്തിന്റെ ഉല്‍ഘാടന ദിവസവും ഗുരു നാനകിന്റെ 550ാം ജന്മവാര്‍ഷിക ദിനത്തിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ ഫീസും നല്‍കേണ്ടതില്ലെന്ന് പ്രധാനമന്ത്രി അറിച്ചു. 20 ഡോളറാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കാരില്‍ നിന്നും ഫീസ് ഈടാക്കുന്നത്. ഇതു ഇളവ് ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

നവംബര്‍ ഒമ്പതിനാണ് കര്‍തര്‍പൂര്‍ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. നവംബര്‍ 12നാണ് ഗുരുജിയുടെ 550ാം ജന്മദിനം. പാക്കിസ്ഥാനും ഇന്ത്യയും നിര്‍മിച്ച കര്‍തര്‍പൂര്‍ ഇടനാഴിയാണ് തീര്‍ത്ഥാടകരുടെ സഞ്ചാര പാത. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ ദേര ബാബ നാനക് കുടീരത്തേയും പാക് പഞ്ചാബിലെ കര്‍തര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണിത്.
 

Latest News