Sorry, you need to enable JavaScript to visit this website.

കുരുമുളക് വില നിയന്ത്രണം നീക്കിയാൽ കേരളത്തിന് തിരിച്ചടിയാവും

ശ്രീലങ്കൻ കുരുമുളക് ഇന്ത്യയിലേക്ക് കയറ്റുമതി നടത്തുന്നതിന് ഏർപ്പെടുത്തിയ വില നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി ശ്രീലങ്ക കേന്ദ്രത്തെ സമീപിച്ചു. ഇതു കേരളത്തിനു തിരിച്ചടിയാവും. ശ്രീലങ്കയിൽ നിന്നുള്ള അനിയന്ത്രിതമായ ഇറക്കുമതി തടയാൻ കുരുമുളകിന് താഴ്ന്ന വില 500 രൂപയായി വാണിജ്യ മന്ത്രാലയം കഴിഞ്ഞ വർഷം നിശ്ചയിച്ചിരുന്നു. ഇതേത്തുടർന്ന് കൊളംബോ തുറമുഖം വഴിയുള്ള മുളക് വരവ് നിയന്ത്രിക്കാനായിരുന്നു. 
വിയറ്റ്‌നാം കുരുമുളക് കനത്തതോതിൽ ശ്രീലങ്കയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. വിയറ്റ്‌നാം മുളകിന് കിലോക്ക് 140  രൂപയാണ് വില. ഈ ചരക്ക് ഇന്ത്യയിലേക്ക് കയറ്റണമെങ്കിൽ കിലോക്ക് 500 രൂപയെന്ന നിലവിലെ സ്ലാബ് നീക്കം ചെയ്യണം. ഈ തടസം നിലനിന്നതിനാൽ നടപ്പ് വർഷം ഏതാണ്ട് 5000 ടൺ കുരുമുളകാണ് ശ്രീലങ്കയിൽ നിന്ന് കള്ളക്കടത്തായി ഇന്ത്യയിൽ എത്തിയത്. നേപ്പാളിലേയ്ക്കുള്ള കയറ്റുമതിയെന്ന പേരിലാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് എത്തുന്നത്. ഇറക്കുമതിക്ക് ശേഷം അതിർത്തി കടക്കാതെ ഉത്തരേന്ത്യയിൽ വിറ്റഴിക്കുകയാണ്.  കൊച്ചിയിൽ കുരുമുളക് വില ക്വിൻറലിന് 900 രൂപ പോയവാരം ഇടിഞ്ഞു. ഉത്തരേന്ത്യയിൽ നിന്ന് കുരുമുളകിന് ദീപാവലി ഡിമാൻറ് പ്രതീക്ഷിച്ചങ്കിലും ഓർഡറുകൾ എത്തിയില്ല. അൺ ഗാർബിൾഡ് കുരുമുളക് 31,100 രൂപയിലാണ്. ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളറാണ്. യൂറോപ്പിൽ പ്രിയമേറിയ വെറ്റ് പെപ്പർ വില 3500 ഡോളറാണ്. ബ്രസീലും വിയറ്റ്‌നാമും വെള്ള കുരുമുളക് യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്തുന്നുണ്ട്. ന്യൂ ഇയർ വരെയുള്ള ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു.  
ചുക്ക് വ്യാപാരികൾ ഉത്തരേന്ത്യൻ ഓർഡറുകളെ ഉറ്റ്‌നോക്കുകയാണ്. ശൈത്യകാലത്തിന് തുടക്കം കുറിച്ചതിനാൽ ആഭ്യന്തര ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിലാണ് വിപണി. കൊച്ചിയിൽ  മാർക്കറ്റിൽ ചുക്ക് കാര്യമായില്ലെങ്കിലും ഉൽപാദന കേന്ദ്രങ്ങളിൽ ഉയർന്ന അളവിൽ സ്‌റ്റോക്കുണ്ട്. വിവിധയിനം ചുക്ക് 22,500-30,000 രൂപയിലാണ്. 
ഹൈറേഞ്ചിൽ നിന്നും ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലക്ക വരവ് ശക്തിയാർജിച്ചു. പ്രതിദിന വരവ് അര ലക്ഷം കിലോയായി ഉയർന്നതോടെ നിരക്ക് ഇടിച്ച് ചരക്ക് കൈക്കലാക്കാൻ വാങ്ങലുകാർ ശ്രമം നടത്തി. ദീപാവലി ആവശ്യങ്ങൾ മുന്നിൽ കണ്ട് ആഭ്യന്തര വാങ്ങലുകാർ ചരക്ക് എടുത്തു. മുൻവാരം 3285 രൂപയിൽ നീങ്ങിയ മികച്ചയിനങ്ങളുടെ വില ഇതിനകം കിലോ 2618 രൂപയായി താഴ്ന്നു.  
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. ദീപാവലി ഡിമാൻറ് മങ്ങിയതിനാൽ തമിഴ്‌നാട്ടിലും കൊച്ചിയിലും എണ്ണ വില സ്‌റ്റെഡിയാണ്. തമിഴ്‌നാട്ടിൽ വെളിച്ചെണ്ണ 13,000 രൂപയിലും കൊച്ചിയിൽ 14,500 രുപയിലും നിലകൊണ്ടു. 
റബർ ഉൽപാദനം ഉയർന്നു. ടയർ നിർമാതാക്കൾ ചരക്ക് സംഭരണം ഉയർത്തിയതോടെ നാലാം ഗ്രേഡ് ഷീറ്റിന് വില 200 രൂപ ഉയർന്ന് 12,200 രൂപയായി. അഞ്ചാം ഗ്രേഡിന് 12,000 രൂപയിൽ വിപണനം നടന്നു. വിദേശ വിപണികളിൽ റബർ വിലയിൽ മാറ്റമില്ല. ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് 10,350 രൂപയിലാണ്.
കേരളത്തിൽ  സ്വർണ വിലയിൽ മുന്നേറ്റം. പവൻ 28,200 രൂപയിൽ നിന്ന് 28,480 ലേക്ക് കയറി. ഇതോടെ ഒരു ഗ്രാമിന് വില 3560 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1489 ഡോളറാണ്.

 

Latest News