ഹൈദരാബാദ്- ഗോവയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദിലെത്തിയ സ്വീഡിഷ് പൗരന്‍ വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ടോയ്‌ലെറ്റില്‍ കയറി വാതിലടച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ടോയ്‌ലെറ്റില്‍ നിന്ന് ഇറങ്ങാത്തതിനെ തുടര്‍ന്ന് ഒടുവില്‍ വിമാന ജീവനക്കാര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തേണ്ടി വന്നു. ഇവരെത്തി ബലപ്രയോഗത്തിലൂടെ ടോയ്‌ലെറ്റിന്റെ വാതില്‍ തുറന്നപ്പോള്‍ നഗ്നനായി നില്‍ക്കുകയായിരുന്ന കക്ഷി വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥരുടെ മുഖത്തേക്കെറിഞ്ഞു.
പോലീസ് ഒരു വിധം കീഴ്‌പ്പെടുത്തി വൈദ്യ പരിശോധനയ്ക്കായി ഉസ്മാനിയ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ നിന്നും നഗ്നനായി ഇറങ്ങിയോടാന്‍ ശ്രമിക്കുകയും ചെയ്തു. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നു കരുതിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാല്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഗോവയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30ന് ഹൈദരാബാദിലിറങ്ങിയ ഇയാള്‍ കണക്ഷന്‍ വിമാനത്തില്‍ ദല്‍ഹിയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നതാണ്. വിമാന നിലത്തിറങ്ങിയ ഉടന്‍ ടോയ്‌ലെറ്റില്‍ കയറി വാതിലടക്കുകയായിരുന്നെന്നും പുരത്തിറക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കേണ്ടി വന്നുവെന്നും എയര്‍പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു.