കാസര്‍കോട്- ചന്ദ്രഗിരിപ്പുഴയില്‍ യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയതായി സംശയം. ആലപ്പുഴ സ്വദേശി പ്രമീളയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നാണ് കൊലപാതകമാണെന്ന സൂചനകള്‍ പോലീസിന് ലഭിച്ചത്.
പോലീസ് സംഘം ചന്ദ്രഗിരിപ്പുഴയില്‍ തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ മാസം 19 മുതല്‍ പ്രമീളയെ കാണാനില്ലെന്ന് ഭര്‍ത്താവും വിദ്യാനഗര്‍ സ്വദേശിയുമായ ഷെല്‍വിന്‍ ജോണ്‍ പരാതി നല്‍കിയിരുന്നു.
പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്.
യുവതിയെ കൊലപ്പെടുത്തി ചന്ദ്രഗിരിപ്പുഴയോട് ചേര്‍ന്ന് തെക്കില്‍ പാലത്തില്‍ നിന്ന് കെട്ടിത്താഴ്ത്തിയെന്നാണ് സംശയം. ഇന്ന് രാവിലെയാണ് പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദ്ഗധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.