റിയാദ്- ഓൺലൈൻ വഴി സ്വർണാഭരണങ്ങളും അമൂല്യ ലോഹങ്ങളും കല്ലുകളും വിൽപന നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ലൈസൻസില്ലാതെ ജ്വല്ലറികളും സ്വർണ വിൽപന കേന്ദ്രങ്ങളും തുറക്കുന്നവർക്ക് 90,000 റിയാൽ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കും.
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസില്ലാതെ ആഭരണ നിർമാണ, വിൽപന മേഖലയിൽ പ്രവർത്തിക്കുന്നതിന് വിലക്കുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് പുറത്ത് ആഭരണങ്ങളും അമൂല്യ ലോഹങ്ങളും കല്ലുകളും വിൽപന നടത്തുന്നതിനും വിലക്കുണ്ട്. എന്നാൽ ലൈസൻസുള്ള ജ്വല്ലറികളെ ഓൺലൈൻ വഴി വിപണനം നടത്തുന്നതിന് അനുവദിക്കും. ഇതിന് ഓൺലൈൻ വഴി വിൽപന നടത്തുന്ന ആഭരണങ്ങൾ തൂക്കം പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന് ജ്വല്ലറിയിൽ വെച്ചായിരിക്കണം ഉപയോക്താക്കൾക്ക് കൈമാറേണ്ടതെന്ന് വ്യവസ്ഥയുണ്ട്.
സ്വർണവും ആഭരണങ്ങളും അടക്കം ഗുണമേന്മയും തൂക്കവും പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ചില ഉൽപന്നങ്ങൾ ഓൺലൈൻ വഴി വാങ്ങുന്നതിനെതിരെ ഓൺലൈൻ വ്യാപാര വിദഗ്ധൻ സാമിഹ് അൻവർ മുന്നറിയിപ്പ് നൽകി. അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് സ്വർണം അടക്കമുള്ള വിലപിടിച്ച വസ്തുക്കൾ നേരിട്ട് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ഓൺലൈൻ സ്റ്റോറുകളുമായി ഇടപാടുകൾ നടത്തുന്ന മുഈദ് അൽ ആസിമിയും പറഞ്ഞു. പരമ്പരാഗത ചില്ലറ വ്യാപാര സ്ഥാപനങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നതാണ് ഓൺലൈൻ വ്യാപാരം വർധിക്കാൻ കാരണം. പുതിയ തലമുറകൾ സാങ്കേതികവിദ്യകൾ വലിയ തോതിൽ ഉപയോഗിക്കുന്നതും ഓൺലൈൻ വ്യാപാരം വർധിക്കാൻ കാരണമാണെന്ന് മുഈദ് അൽഹാസിമി പറഞ്ഞു.