കാസർകോട് - സി. പി. എം കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം തയ്യാറാക്കിയ പാർട്ടി രേഖയുടെ പകർപ്പ് ബി. ജെ. പി സംസ്ഥാന അധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള, സി. പി. ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എം പിക്ക് കൈമാറിയ രംഗം കൗതുകം പകർന്നു. ഇന്നലെ ഉച്ചക്ക് കാസർകോട് പ്രസ് ക്ലബിൽമീറ്റ് ദി പ്രസ് പരിപാടി കഴിഞ്ഞു ശ്രീധരൻ പിള്ള ഇറങ്ങുമ്പോൾ ആണ് വാർത്താസമ്മേളനം നടത്താൻ ബിനോയ് വിശ്വം കയറിവന്നത്.
സി. പി. ഐ നേതാവിനെകണ്ടപ്പോൾ ആവേശം കയറിയ ശ്രീധരൻ പിള്ള കൈയ്യിലുണ്ടായിരുന്ന സി. പി. എം രേഖയുടെ പകർപ്പ് ബിനോയ് വിശ്വത്തിന് നേരെ നീട്ടുകയായിരുന്നു. അതിലെന്താണെന്ന കൗതുകം വർധിച്ചതോടെ ബിനോയ് വിശ്വം രേഖ സംഘടിപ്പിക്കാൻ അടുത്തുകൂടി. ഇരുവരും തമ്മിൽ കുശലം പറഞ്ഞതിന് ശേഷം'സി. പി. എം രേഖയാണ് സഖാവെ, ഇത് നിങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം..' എന്ന് പറഞ്ഞ ശ്രീധരൻ പിള്ള രേഖയിലെ കേരള രാഷ്ട്രീയത്തെ കുറിച്ച് പരാമർശിക്കുന്ന പേജ് തുറന്ന് ബിനോയ് വിശ്വത്തെ കാണിക്കുകയും ചെയ്തത്പ്രസ് ക്ലബിൽ കൂടിനിന്നിരുന്ന എല്ലാവരിലും ചിരി പടർത്തി. 'ഞാൻ ഇതിന്റെ പകർപ്പ് തരാം വിശദമായി ബിനോയ് പഠിച്ചോ 'എന്ന് പറഞ്ഞാണ് ശ്രീധരൻ പിള്ള ഇറങ്ങിയത്. വാർത്താസമ്മേളനം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വമാകട്ടെ സി. പി. എം രേഖയുടെ പകർപ്പ് ബി. ജെ. പി നേതാവിൽ നിന്ന് സംഘടിപ്പിക്കാൻ പാർട്ടി പ്രവർത്തകരെ ചട്ടം കെട്ടുകയും ചെയ്തു.