ന്യൂദല്‍ഹി- മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് കേസില്‍ തെറ്റായി പ്രതി ചേര്‍ത്ത കേസ് റദ്ദാക്കണമെന്നാവശ്യം ബോംബെ ഹൈക്കോടതി തള്ളിയതിനെതിരെ പൗരാവകാശ പ്രവര്ത്തകന് ഗൗതം നവ്ലാഖ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടു നിന്ന സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം അഞ്ചായി. ഈ ഹര്‍ജി കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ചിനു മുമ്പാകെയാണ് പരിഗണനയ്ക്കു വന്നത്. ജസ്റ്റിസ് രീവന്ദ്ര ഭട്ട് വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബെ ഹൈക്കോടതി നവ്ലാഖയ്ക്ക നല്കിയ പരിരക്ഷ വെള്ളിയാഴ്ച അവസാനിക്കുകയാണെന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.
സെപ്തംബര്‍ 30 ഈ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നിരുന്നു. എന്നാല്‍ കാരണമൊന്നും വ്യക്തമാക്കാതെ വാദം കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് വിട്ടു നിന്നു. തൊട്ടടുത്ത ദിവസം ജസ്റ്റിസുമാരായ എന്‍ വി രമണ, ആര് സുഭാഷ് റെഡ്ഢി, ബി ആര് ഗവാനി എന്നിവരുടെ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നു. മൂന്ന് ജഡ്ജിമാരും വാദം കേള്‍ക്കുന്നതില്‍ നിന്ന് വിട്ടു നിന്നു. ആരും കാരണം വ്യക്തമാക്കിയില്ല. തുടര്‍ന്നാണ് വ്യാഴാഴ്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ ഹര്‍ജി പരിഗണിച്ചത്.
ഭിന്നതാല്‍പര്യ വിഷയം ഉണ്ടാകുമ്പോഴാണ് ജഡ്ജിമാര്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കാറുള്ളത്. ഇതിനു കാരണം വ്യക്തമാക്കണമെന്ന നിബന്ധന ചട്ടങ്ങളില്‍ ഒന്നുമില്ല. എന്നാല്‍ ഇത് ലളിതമായ ഒരു തീരുമാനമല്ലെന്നും ഉത്തരവാദപ്പെട്ട നീതി നിര്‍വഹണ ചുമതലയില്‍ നിന്നും വിട്ടു നില്ക്കുമ്പോള് ജഡ്ജിമാര്‍ ചുരുങ്ങിയ പക്ഷം കാരണമെങ്കിലും വ്യക്തമാക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തേയും ഇന്ത്യയില്‍ നടന്നതാണ്. സുതാര്യത കാത്തുസൂക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.