ലഖ്നൗ- കാമുകി പിണങ്ങിപ്പോയ മനോവിഷമത്തില്‍ യുവാവ് കാമുകിയുടെ വീട്ടിനു മുന്നില്‍ സ്വയം തീകൊളുത്തി മരിച്ചു. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചില് ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. 23കാരനായ കിശന്‍ ആര്യയാണ് മരിച്ചത്. ബസന്ത്പൂരിലെ ആര്യാ ചൗക്ക് സ്വദേശിയാണ്. കിശനും കാമുകിയും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. 11 ദിവസം മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കാമുകി പിണങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങിയതായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് സുപ്രണ്ട് പറഞ്ഞു.
യുവതിയുടെ വീട്ടുകാര്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കിശന്റെ കുടുംബത്തിന്റെ ആരോപണം. ഇത് യുവതിയുടെ കുടുംബം നിഷേധിച്ചു. കിശന്‍ പെട്രോളുമായാണ് എത്തിയതെന്നും സ്വയം ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കിശനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും സംഭവത്തില്‍ പരിക്കുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണിദ്ദേഹം. തീകൊളുത്തിയ ശേഷം വീട്ടിനുള്ളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച കിശന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അതേസമയം യുവാവിനെ അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം. മൃതദേഹം തിരിച്ചറിയാന്‍ പോലീസ് വിളിപ്പിച്ചെങ്കിലും വരാന്‍ കൂട്ടാക്കിയില്ല. രണ്ടു വര്‍ഷം മുമ്പ് കിശന്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി പോയിരുന്നു. അന്ന് പ്രായപൂര്‍ത്തിയായിരുന്നില്ല. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കിശനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ കിശന്റെ കൂടെ വീണ്ടും പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു.