ന്യൂദൽഹി- ബാബരി മസ്ജിദ് കേസിൽ മുസ്ലിംകൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകരെ ഭീഷണിപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് ചെന്നൈയിലെ പ്രൊഫസർ ഷൺമുഖം. ഖേദപ്രകടനം കണക്കിലെടുത്ത് ഷൺമുഖത്തിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു.മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഷൺമുഖം ഭീഷണിപ്പെടുത്തുകയായിരുന്നു. രാജീവ് ധവാനെ ഭീഷണിപ്പെടുത്തി ഷൺമുഖം കത്തയക്കുകയായിരുന്നു. അഭിഭാഷകരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള നടപടി ഒരുകാലത്തും അനുവദിക്കാനാകില്ലെന്ന് ഷൺമുഖത്തിന്റെ ഖേദപ്രകടനം സ്വീകരിച്ച്് സുപ്രീം കോടതി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് മുതിർന്ന അഭിഭാഷകൻ അഡ്വക്കറ്റ് ധവാൻ സുപ്രീം കോടതിയെ സമീപിച്ചത്.
'അയോധ്യയിൽ മുസ്ലിംകൾക്കുണ്ടെന്നു പറയപ്പെടുന്ന അവകാശത്തിനുവേണ്ടി' മുസ്്‌ലിംകളെ പ്രതിനിധീകരിക്കുക വഴി ധവാന് 'സ്വന്തം വിശ്വാസത്തെ വഞ്ചിക്കാൻ' എങ്ങനെ കഴിഞ്ഞുവെന്നാണ് കത്തിൽ ഷൺമുഖം ചോദിച്ചത്. ധവാനെതിരെ ശാപവാക്കുകൾ ചൊരിയുന്ന കത്തിൽ മതത്തെ നിന്ദിച്ചതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഉത്തരവാദിത്തം നിർവഹിച്ച അഭിഭാഷകനെ ഭീഷണിപ്പെടുത്തുക വഴി നീതിന്യായ സംവിധാനത്തെ തന്നെയാണ് ഇവർ അവഹേളിച്ചതെന്നും അതിനാൽ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ധവാൻ ആവശ്യപ്പെട്ടത്. മാപ്പപേക്ഷ പരിഗണിച്ച് ഇയാൾക്കെതിരായ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു.