Sorry, you need to enable JavaScript to visit this website.

കാർഷിക മേഖല ആലസ്യത്തിൽ; സ്വർണ വില ഇടിഞ്ഞു

കാർഷിക മേഖല ഉത്സവ ദിനങ്ങളുടെ ആലസ്യത്തിലാണ്. ഒരാഴ്ച നീണ്ട അവധി ദിനങ്ങൾ കാർഷിക മേഖലയെയും വിപണിയെയും അക്ഷരാർത്ഥത്തിൽ നിർജീവമാക്കി. ഉൽപാദന മേഖലകളിലെ ചെറുകിട വിപണികളും ടെർമിനൽ മാർക്കറ്റും പല ദിവസങ്ങളിലും നിശ്ചലമായിരുന്നു. വരവ് ചുരുങ്ങിയതിനാൽ വാങ്ങലുകാർ ചരക്ക് സംഭരണം കുറച്ചു.  
ഉൽപാദകരുടെയും വ്യവസായികളുടെയും പ്രതീക്ഷക്കൊത്ത് നാളികേരോൽപന്നങ്ങൾക്ക് ഓണ വേളയിൽ ആവശ്യക്കാരുണ്ടായില്ല. 
ഓണ നാളിൽ പ്രതീക്ഷിച്ച ഡിമാന്റ് വെളിച്ചെണ്ണക്ക് ലഭിക്കാതിരുന്നത് കൊപ്ര ഉൽപാദകരെയും വൻകിട, ചെറുകിട മില്ലുകാരെയും പിരിമുറുക്കത്തിലാക്കി. ഓണ വിപണി നിയന്ത്രിച്ചത് ഇറക്കുമതി ഭക്ഷ്യയെണ്ണയാണ്. വില കുറവ് തന്നെയാണ് വിപണി പിടിക്കാൻ അവയ്ക്ക് അവസരം ഒരുക്കിയത്. ഇതിനിടയിൽ കലർപ്പുള്ള വെളിച്ചെണ്ണ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ വിവരം വെളിച്ചെണ്ണയുടെ വിശ്വാസ്യതക്ക് തിരിച്ചടിയായി. കൊച്ചിയിൽ വെളിച്ചെണ്ണ 14,900 ലും കൊപ്ര 9975 രൂപയിലുമാണ്.  ഓണം കഴിഞ്ഞതിനാൽ മില്ലുകാർ സ്‌റ്റോക്കുള്ള എണ്ണ രംഗത്ത് ഇറക്കിയാൽ അത് വിലയെ ബാധിക്കും. വെളിച്ചെണ്ണക്ക് ഡിമാന്റ് മങ്ങിയത് തമിഴ്‌നാട്ടിലെ പല മില്ലുകാരെയും മുൾ മുനയിലാക്കി. കൊപ്രക്ക് കേന്ദ്രം പ്രഖ്യാപിച്ച താങ്ങ് വില 9521 രൂപയാണ്. വിപണി തളർന്നാൽ സംസ്ഥാന ഏജൻസികൾ കർഷക രക്ഷയ്ക്ക് രംഗത്ത് എത്തും. 
ഓണവേളയിൽ സ്തംഭിച്ച ഏലക്ക വിളവെടുപ്പ് ഈ വാരം പുനരാരംഭിക്കും. ലേല കേന്ദ്രങ്ങളിൽ പുതിയ ഏലക്ക വരവ് ഇനി ഉയരുമെന്നാണ് വിലയിരുത്തൽ. ഓണത്തിന് പ്രദേശിക ഡിമാന്റ് ഉൽപന്നത്തിന് കരുത്ത് നൽകി. ആഭ്യന്തര വ്യാപാരികൾ ഏലക്ക സംഭരിക്കാൻ പതിവിലും ഉത്സാഹിച്ചു. ഓണ ശേഷവും ലേലത്തിന് എത്തിയ ചരക്ക് പൂർണമായി വിറ്റു. വിപണിയിൽ ഏലക്ക ക്ഷാമം രൂക്ഷമാണ്. വാരാവസാനം മികച്ചയിനത്തിന് കിലോക്ക് 3546 രൂപയാണ്. മാസത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ ചരക്ക് ഇറങ്ങുമെന്നാണ് കാർഷിക മേഖലയിൽ നിന്നുള്ള സൂചന. ദീപാവലി, ദസറ ആഘോഷങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന് ഉത്തരേന്ത്യക്കാർ രംഗത്ത് എത്തും. ഇന്ത്യൻ ഏലം വിപണിയുടെ ചലനങ്ങളെ  നിരീക്ഷിക്കുകയാണ് ഇറക്കുമതിക്കാർ. അറബ് രാജ്യങ്ങളിൽ നിന്നും യൂറോപിൽ നിന്നും പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം. പുതുവർഷം വരെയുള്ള ആവശ്യങ്ങൾക്ക് വിദേശ വാങ്ങലുകാരും താൽപര്യം കാണിക്കും. 
ഓണം കഴിഞ്ഞതോടെ കുരുമുളക് വില ഇടിഞ്ഞു. കാർഷിക മേഖല ഉത്സവാഘോഷങ്ങളിൽ അമർന്നപ്പോൾ ആഭ്യന്തര വാങ്ങലുകാർ രംഗം വിട്ടുനിന്നു. ഇതിനിടയിൽ കർണാടകയിൽ നിന്നും വിൽപന സമ്മർദം അനുഭവപ്പെടുന്നുണ്ട്. തുലാവർഷം അൽപം ദുർബലമാവുമെന്ന കാലാവസ്ഥ വിലയിരുത്തൽ. അടുത്ത രണ്ടാഴ്ചകളിൽ അടുത്ത സീസണിലെ ഉൽപാദനത്തെ കുറിച്ച് വ്യക്തമായ ചിത്രം ലഭ്യമാവും. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങിയെങ്കിലും മുളകിന് ഡിമാന്റില്ല. അൺ ഗാർബിൾഡ് കുരുമുളക് 34,000 രൂപയിൽ നിന്ന് 33,600 രൂപയായി. 
റബർ ടാപ്പിങ് മന്ദഗതിയിലാണ്. ഈ വാരം ഉൽപാദകർ തോട്ടങ്ങളിൽ സജീവമാകും. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ റബർ ഉൽപാദനം ഉയരുന്നതോടെ ലാറ്റക്‌സും ഷീറ്റും കൂടുതലായി എത്തുമെന്നാണ് വ്യവസായികളുടെ വിലയിരുത്തൽ. 14,100 രൂപയിൽ നിന്ന് നാലാം ഗ്രേഡ് വാരാവസാനം 13,700 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡ് റബർ 13,200 ലാണ്. ജൂണിൽ പ്രതീക്ഷിച്ച റബർ ടാപ്പിങ് സീസൺ സെപ്റ്റംബറിലേക്ക് നീണ്ടു. ഉൽപാദനം കുറഞ്ഞതിനാൽ കാർഷിക മേഖലയിൽ കാര്യമായി ഷീറ്റില്ല. 
കേരളത്തിൽ സ്വർണ വില വീണ്ടും ഇടിഞ്ഞു. ആഭരണ വിപണിയിൽ 28,320 രൂപയിൽ  നിന്ന് 27,760 രൂപയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 29,120 രൂപയിൽ നിന്ന് രണ്ടാഴ്ച കൊണ്ട് പവന് 1360 രൂപ ഇടിഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം സ്വർണ വില 3470 രൂപ. ആഭ്യന്തര അവധി വ്യാപാരത്തിൽ സ്വർണ വില തുടർച്ചയായ ഏഴാം ദിവസവും കുറഞ്ഞു. പത്ത് ഗ്രാമിന് 37,503 രൂപായി. മാസാരംഭത്തിലെ 39,885 രൂപയിൽ നിന്ന് വില 2382 രൂപ കുറഞ്ഞു. ആഗോള വിപണിയിൽ സ്വർണത്തിന് 1500 ഡോളറിലെ താങ്ങ് നഷ്ടപ്പെട്ടത് വിൽപന സമ്മർദത്തിന് ഇടയാക്കും. 1516 ഡോളറിൽ നിന്ന് 1485 ലേക്ക് ഇടിഞ്ഞ മഞ്ഞ ലോഹത്തിന് ഈ വാരം 1475 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 1444 ഡോളർ വരെ താഴാം.
 

Latest News