Sorry, you need to enable JavaScript to visit this website.

സാംസ്‌കാരിക ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക്  നാളെ തിരശ്ശീലവീഴും

ഓണാഘോഷത്തോടനുബന്ധിച്ച് ഇന്നലെ തൃശൂരിൽ അരങ്ങേറിയ പുലികളിയിൽനിന്ന്.

തിരുവനന്തപുരം- ചിങ്ങവും ഓണവും അവധിക്കാലവും വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ നാളെ വേർപിരിയും.
അനന്തപുരിയിലെ ഓണക്കാഴ്ച കാണാൻ ജനപ്രവാഹം ഇന്നലെയും തുടർന്നു. രാവേറെയായിട്ടും കനകക്കുന്നും പരിസരവും സജീവമായിരുന്നു. സന്ധ്യയ്ക്കു പെയ്ത ചാറ്റൽമഴ ആസ്വദിച്ചു നനഞ്ഞും വഴിയോരങ്ങളിലെ നിറക്കാഴ്ച കൺനിറയെ കണ്ടും വേദികളിലെ കലാവിരുന്ന് ആവോളം ആസ്വദിച്ചും ആഘോഷപ്പൂവിളിയുടെ ഒരു നാൾ കൂടി കൊഴിഞ്ഞു. 
സന്ധ്യയ്ക്കു പെയ്ത മഴയ്ക്കു പിന്നാലെ നിശാഗന്ധിയിൽ പെയ്തിറങ്ങിയ 'രാത്രിമഴ' സംഗീത-നൃത്ത ശിൽപമായിരുന്നു ശനിയാഴ്ച ആസ്വാദക മനം കവർന്ന പ്രധാന പരിപാടി. അന്തരിച്ച ചലച്ചിത്ര സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിൽ ശ്രീനിവാസ്, മധുശ്രീ തുടങ്ങിയ ഗായകരും മധുഗോപിനാഥ്, വക്കം സജീവ് എന്നീ നർത്തകരും വേദിയെ രാത്രിമഴയുടെ കുളിരണിയിച്ചു.
തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സെൻട്രൽ സ്റ്റേഡിയത്തിൽ അവതിപ്പിച്ച മെഗാഷോയ്ക്ക് വൻ ജനത്തിരക്കായിരുന്നു. കനകക്കുന്നിലെ തിരുവരങ്ങ് വേദിയിൽ നടന്ന പുള്ളുവൻപാട്ട്, നിണബലി, പറയൻതുള്ളൽ, സോപാനം വേദിയിൽ നടന്ന പാഠകം, വാണിയക്കോലം, പരുന്താട്ടം, പൊറാട്ടുനാടകം, പാലസ് ഓഡിറ്റോറിയത്തിലെ സംഗീതികയിൽ നടന്ന വീണ, വോക്കൽ എന്നിവയ്ക്കും നിറഞ്ഞ സദസ്സായിരുന്നു.
തീർഥപാദ മണ്ഡപത്തിൽ അരങ്ങേറിയ നളചരിതം മൂന്നാം ദിവസം കഥകളി, മാർഗി സജീവ് നാരായണൻ ചാക്യാരും സംഘവും അവതരിപ്പിച്ച ചാക്യാർകൂത്ത്, അയ്യങ്കാളി ഹാളിൽ തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിച്ച നമ്മളിൽ ഒരാൾ എന്ന നാടകം, മ്യൂസിയം വളപ്പിലെ കളരിപ്പയറ്റ്, അമച്വർ നാടകം, വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടന്ന മോഹനിയാട്ടം, കുച്ചുപ്പുടി, തൈക്കാട് ഭാരത് ഭവനിലെ വേദിയിൽ അരങ്ങേറിയ ശാസ്ത്രീയ നൃത്തം എന്നിവയും നിറഞ്ഞ കൈയടിയേറ്റുവാങ്ങി.
ഇന്നും നാളെയും കൂടി ഇക്കൊല്ലത്തെ ഓണവിരുന്ന് ആസ്വദിക്കാം. ഇന്നു വൈകിട്ട് അഞ്ചിന് കനകക്കുന്ന് കവാടത്തിൽ ചെണ്ടമേളം തുടങ്ങും. സന്ധ്യയാകുന്നതോടെ വഴിയോരങ്ങളിൽ വർണവിളക്കുകൾ മിന്നിത്തുടങ്ങും. കനകക്കുന്നിലും മ്യൂസിയത്തിലുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള 29 വേദികളിൽ ആഘോഷത്തിന്റെ പെരുമ്പറ മുഴങ്ങും. 

ഘോഷയാത്രയിൽ നൂറോളം കലാരൂപങ്ങൾ

തിരുവനന്തപുരം- ടൂറിസം വാരാഘോഷ ഭാഗമായി തിങ്കളാഴ്ച നടക്കുന്ന ഘോഷയാത്രയിൽ നൂറോളം കലാരൂപങ്ങൾ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഗോത്ര, നാടോടി, ക്ലാസിക്കൽ കലാരൂപങ്ങളും ഇന്ത്യയുടേയും കേരളത്തിന്റെയും കാഴ്ചവട്ടങ്ങളും ഇതിൽ ഉൾപ്പെടും.
ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പടെയുള്ള 10 സംസ്ഥാനങ്ങളിലെ കലാസംഘങ്ങൾ ഇക്കുറിയും കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെയും, സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെയും, ടൂറിസം വകുപ്പിന്റെയും സംഘാടനത്തിൽ ഘോഷ യാത്രയ്ക്ക് ഇന്ത്യൻ സാംസ്‌കാരികതയുടെ നിറമേളങ്ങൾ പകരും. 

 

Latest News