കൊച്ചി- സുപ്രീം കോടതി വിധിയനുസരിച്ച് ഫ് ളാറ്റുകള്‍ പൊളിച്ച് കുടിയൊഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ മരടിലെ ഫ്‌ളാറ്റുടമകള്‍ തിരുവോണ ദിവസമായ ഇന്നു നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നിരാഹാര സമരം നടത്തും. നഗരസഭ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നിരാഹാരസമര പ്രഖ്യാപനം.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയുള്ള കോടതി ഉത്തരവ് നീതിനിഷേധമാണെന്നും ഫ്‌ളാറ്റ് വിട്ടു പോകില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ക്കു നിയമ പരിരക്ഷ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കുമെന്നും ഉടമകള്‍ പറഞ്ഞു.