പെരിന്തൽമണ്ണ- പ്രമുഖ സുന്നി പണ്ഡിതൻ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ല്യാർക്ക് ജന്മനാടായ ഏലംകുളത്ത് ആയിരങ്ങളുടെ അന്ത്യാജ്ഞലി. ഇന്നലെ രാവിലെ നിര്യാതനായ സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂർ ജില്ലാ പ്രസിഡന്റുമായ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർരുടെ വിയോഗ വിവരമറിഞ്ഞ് പണ്ഡിതരും വിദ്യാർഥികളുമുൾപ്പടെ നൂറുകണക്കിന് പേരാണ് ഏലംകുളത്തെ വീട്ടിലെത്തിയത്. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. സമസ്ത നേതാക്കളായ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി.അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയ പ്രമുഖർ ഏലംകുളത്തെ വസതിയിലെത്തിയിരുന്നു.
പെരിന്തൽമണ്ണ ഏലംകുളം പാലത്തോട് തെക്കുംപുറം പൊന്നാക്കാരൻ സെയ്താലിയുടേയും ആയിഷ ഉമ്മയുടേയും ഏഴാമത്തെ മകനായി 1947 ഓഗസ്റ്റ് 15 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാരുടെ പ്രധാന ശിഷ്യനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മപ്പാട്ടുകര ജുമാമസ്ജിദിൽ കീഗാഡയിൽ കുഞ്ഞമ്മദ് ഹാജിയുടെ ശിഷണത്തിലാണ് ദറസ് പഠനം ആരംഭിച്ചത്. പിന്നീട് മല്ലിശ്ശേരി ജുമാമസ്ജിദിൽ സൂഫിവര്യൻ പച്ചീരിക്കുത്ത് മൂസ മുസ്‌ലിയാരുടെ ദർസിൽ പഠനം തുടർന്നു. ചെത്തനാംകുറിശ്ശി കുഞ്ഞീൻ മുസ്‌ലിയാരുടെ കീഴിൽ വെള്ളിക്കാപ്പറ്റയിലും തോണിക്കടവത്ത് സൈതലവി മുസ്‌ലിയാരുടേയും കൊടശ്ശേരി ഇബ്രാഹിം ഫൈസിയുടേയും കീഴിൽ ഒടമല ജുമാമസ്ജിദിലും ദർസ് പഠനം പൂർത്തിയാക്കിയ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയയിൽ ചേർന്ന് ഫൈസി ബിരുദം നേടി.
ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്‌ലിയാർ പ്രിൻസിപ്പലും കോട്ടുമല അബൂബക്കർ മുസ്‌ലിയാർ വൈസ് പ്രിൻസിപ്പലുമായിരുന്ന കാലത്തായിരുന്നു ജാമിഅയിലെ പഠനം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.ടി.അബ്ദുല്ല മുസ്‌ലിയാർ തുടങ്ങിയവർ അന്ന് അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. 1974 ൽ തൃശൂർ ജില്ലയിലെ കൊരട്ടിക്കടുത്ത് ചെറുവാളൂർ ജുമാമസ്ജിൽ ഖത്തീബും മുദരിസുമായി സേവനം തുടങ്ങിയ അദ്ദേഹം 30 വർഷങ്ങൾക്ക് ശേഷം തൃശൂർ ജില്ലയിലെ പുലിക്കണ്ണി ദാറുത്തഖ്‌വ അറബിക് കോളജിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റു. 15 വർഷത്തോളമായി ദാറുത്തഖ്‌വയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. സമസ്ത തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന എസ്.എം.കെ.തങ്ങൾ മരിച്ചതിനെ തുടർന്നാണ് ഹൈദ്രോസ് മുസ്‌ല്യാർ ആ പദവിയിലെത്തിയത്. നിലവിൽ എസ്.എം.എഫിന്റേയും ജംഇയ്യത്തുൽ മുദരിസിന്റേയും ജില്ലാ പ്രസിഡന്റും പാലത്തോൾ തെക്കുംപുറം മഹല്ല് പ്രസിഡന്റുമാണ്.