ലണ്ടന്‍- വിഖ്യാത കവി അല്ലാമാ ഇഖ്ബാല്‍ ഇന്ത്യയെ വാഴ്ത്തി എഴുതിയ 'സാരെ ജഹാന്‍സെ അഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന പ്രശസ്ത ഗാനം പാക്കിസ്ഥാന് രാഷ്ട്രീയ നേതാവ് ആലപിക്കുന്ന ദൃശ്യം ട്വിറ്ററില്‍ തരംഗമായി. മുത്തഹിദ ഖൗമി മൂവ്മെന്റ് എന്ന പാര്‍ട്ടി സ്ഥാപകന്‍ അല്‍താഫ് ഹുസൈന് ആണ് ഇതു പാടിയത്. കശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു അല്‍താഫ് ഹുസൈന് ഈയിടെ പറഞ്ഞിരുന്നു. ഈ പ്രസംഗത്തിനിടെയാണ് ഹുസൈന് സാരെ ജഹാന് സെ അഛാ പാടിയത്. മേശയില്‍ കൈ കൊണ്ട് താളം പിടിച്ചും കൈ വീശിയും ആസ്വദിച്ചു ഹുസൈന് പാടുന്ന ദൃശ്യം ട്വിറ്ററില്‍ ഏറെ കയ്യടി നേടിയെങ്കിലും പാകത്തിന് പാക്കിസ്ഥാന് അനുകൂലികളുടെ ചീത്ത വിളിയും കേട്ടു. ട്വിറ്ററില്‍ വന്ന കമന്റുകള്‍ ചിരിക്കാനും വക നല്‍കുന്നുണ്ട്.
ഇമ്രാന് ഖാന് ജനഗണമന പാടുന്ന കാലവും വിദൂരത്തല്ല എന്നായിരുന്നു @theskindoctor13 എന്നയാളുടെ കമന്റ്. ഒരാള്‍ അദ്നാന് സമി രണ്ടാമന് എന്നും അല്‍താഫ് ഹുസൈനെ വിശേഷിപ്പിച്ചു. അദ്ദേഹം ജീവനോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്ന @dugasanjays ന്റെ കമന്റിന് ലഭിച്ച മറുപടിയാണ് കേമമായത്. 26 കൊല്ലമായി അദ്ദേഹം ലണ്ടനിലാണ് ജീവിക്കുന്നത് ഭായ് എന്നായിരുന്നു @Austere യുടെ മറുപടി. മുസീബത്ത് വരുമ്പോള്‍ എല്ലാവര്ക്കും അമ്മയെ ഓര്മ വരുന്നത് സ്വാഭാവികമാണെന്ന് @aarohi_vns.
വിഭജനകാലത്ത് ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നിന്ന് കുടിയേറിയ കുടുംബാംഗമാണ് അല്‍താഫ് ഹുസൈന്. പിതാവ് ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. മുത്തച്ഛന് ആഗ്ര ഗ്രാന്‍ഡ് മുഫ്തിയും. 1947 അല്താഫിന്റെ സഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കുടുംബം പാക്കിസ്ഥാനിലേക്ക് കുടിയേറിയത്. പാക്കിസ്ഥാനില്‍ ഏറെ യാതനകള്‍ നേരിടേണ്ടി വന്ന മുഹാജിറുകള്‍ എന്നറിയപ്പെടുന്ന കുടിയേറ്റക്കാരായ ഇന്ത്യന്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചാണ് അല്‍താഫ് പൊതുരംഗത്ത് സജീവമായത്. നിരപരാധികളായ മുഹാജിറുകളെ പാക്ക് സൈന്യം നിര്‍ദയം കൊന്നതിനെതിരേയും ഇദ്ദേഹം ശബ്ദിച്ചു. ഇന്ത്യാ വിഭജനത്തിന്റേയും താലിബാന്റേയും വിമര്‍ശകനാണ്. പാക്കിസ്ഥാന് കശ്മീരികളെ ദുരുപയോഗം ചെയ്യുകയാണെന്നും പാക്കിസ്ഥാന് പതാക ഉയര്‍ത്തുകയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത നിലയിലേക്ക് കശ്മീരികളെ മൂലക്കിരിത്തുകയുമാണ് പാക്കിസ്ഥാന് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്റെ പാര്‍ട്ടിക്കെതിരെ പാക് അധികൃതര്‍ നടപടി ശ്ക്തമാക്കിയതോടെ 1992ല്‍ രാജ്യം വിട്ട അല്‍ത്താഫ് കഴിയുന്നത് ലണ്ടനിലാണ്. പാക് ബ്രിട്ടീഷുകാരനായ അല്‍താഫ് ഹുസൈനെ 2015ല്‍ പാക്കിസ്ഥാന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കൊല, കലാപം, രാജ്യദ്രോഹം, വിദ്വേഷ പ്രസംഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ പിടികൂടാനാവില്ലെന്നാണ് ബ്രിട്ടീഷ് പോലീസായ സ്കോട്ലാന്ഡ് യാര്‍ഡിന്റെ നിലപാട്.