Sorry, you need to enable JavaScript to visit this website.

തുർക്കിയിൽ സൗദി സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനം കുറവ്‌

റിയാദ് - തുർക്കിയിൽ സൗദി ടൂറിസ്റ്റുകളുടെ എണ്ണം പതിനേഴു ശതമാനത്തോളം കുറഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം. ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ സൗദി വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 16.96 ശതമാനം കുറവ് രേഖപ്പെടുത്തി. ജൂലൈയിൽ സൗദി വിനോദ സഞ്ചാരികളുടെ എണ്ണം 20.11 ശതമാനം തോതിൽ കുറഞ്ഞതായി തുർക്കി സാംസ്‌കാരിക, ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 
ഈ വർഷം ആദ്യത്തെ ഏഴു മാസത്തിനിടെ 3,70,265 സൗദികളാണ് തുർക്കി സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,45,875 സൗദികൾ തുർക്കി സന്ദർശിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ 1,35,273 സൗദികളാണ് തുർക്കി സന്ദർശിച്ചത്. 2018 ജൂലൈയിൽ 1,65,331 സൗദികൾ തുർക്കി സന്ദർശിച്ചിരുന്നു. 
സമീപ കാലത്ത് തുർക്കിയിൽ സൗദികൾക്കു നേരെ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. തുർക്കി മാധ്യമങ്ങളും അധികൃതരും നടത്തുന്ന സൗദി വിരുദ്ധ പ്രചാരണങ്ങൾ സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നതിന് കാരണമാണ്. രണ്ടാഴ്ച മുമ്പ് ഇസ്താംബൂളിൽ വെച്ച് സൗദി യുവതിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയിരുന്നു. പന്ത്രണ്ടു ദിവസത്തിനു ശേഷമാണ് യുവതിയെ തുർക്കി സുരക്ഷാ വകുപ്പുകൾ കണ്ടെത്തി രക്ഷപ്പെടുത്തിയത്. രണ്ടാഴ്ച മുമ്പ് ഇസ്താംബൂളിൽ വെച്ച് രണ്ടു സൗദി പൗരന്മാരും ആക്രമണത്തിനിരയായിരുന്നു. 
ഇസ്താംബൂളിലെ ഷിഷ്‌ലി ഏരിയയിൽ വെച്ചാണ് സൗദി പൗരന്മാർക്കു നേരെ ആക്രമണമുണ്ടായത്. ഇതിൽ ഒരാൾക്ക് വെടിവെപ്പിൽ പരിക്കേറ്റു. ഇവരുടെ ലഗേജുകൾ അക്രമി സംഘം കവരുകയും ചെയ്തിരുന്നു. 
സൗദികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇസ്താംബൂളിലുള്ള സൗദി സന്ദർശകർക്ക് തുർക്കിയിലെ സൗദി എംബസി മുറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്താംബൂളിലെ സൗദി സന്ദർശകർ ജാഗ്രത പാലിക്കണമെന്നും സന്ധ്യാസമയത്തിനു ശേഷം തഖ്‌സീം, ഷിഷ്‌ലി ഏരിയകളിൽ നിന്ന് സൗദി പൗരന്മാർ വിട്ടുനിൽക്കണമെന്നും തുർക്കിയിലെ സൗദി എംബസി ആവശ്യപ്പെട്ടു. ഈ വർഷം തുർക്കിയിലെ സൗദി എംബസി പുറപ്പെടുവിക്കുന്ന ആറാമത്തെ മുന്നറിയിപ്പാണിത്. പാസ്‌പോർട്ടുകളും പണവും കവരുന്ന തുർക്കി മാഫിയകൾക്കെതിരെ കഴിഞ്ഞ മാസം തുർക്കിയിലുള്ള സൗദി പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. 

 

Latest News