നേരം പുലർന്നിട്ടില്ല. തുരുതുരാ മിസ്ഡ് കോൾ കണ്ടിട്ടാണ് നാട്ടിലെ പരിചയമില്ലത്ത നമ്പറിലേക്ക് മൽബു തിരിച്ചു വിളിച്ചത്.
അമ്പരപ്പിച്ചുകൊണ്ട് അങ്ങേതലയ്ക്കൽ ഉമ്മ.
ഇതെന്താ വേറെ ഏതോ നമ്പറിൽനിന്ന്.
ബേജാറാവണ്ട. ഇതു നമ്മുടെ കണാരന്റെ ഫോണാണ്. ഓന് ഇപ്പോ തന്നെ നിന്നെ വിളിക്കണമെന്ന് നിർബന്ധം. നീ ഏറ്റിട്ടു പോയത് ഇതുവരെ അവന് അയച്ചുകൊടുത്തില്ലേ..
തൽക്കാലം പറ്റൂല്ലാന്ന് പറ. ലെവിയെക്കൊണ്ട് കുടുങ്ങിയിരിക്കാണെന്നും പറഞ്ഞോ.
ഏതു രവി. അവനൊന്നും കൊടുക്കണ്ട. കണാരന് തന്നെ കൊടുക്കണം. വിളിച്ചാൽ ഓടിവരുന്നോനാ ഇവൻ. എന്നിട്ടാ നിന്റെ ഒരു രവി.
ലെവീന്ന് പറഞ്ഞപ്പോൾ ഉമ്മ കേട്ടത് രവി.
ഉമ്മാ രവിയുടെ കാര്യമല്ല. ലെവിയുടെ കാര്യമാണ്. ഉമ്മ കണാരേട്ടന് ഫോൺ കൊടുക്ക്. ഞാൻ പറഞ്ഞോളാം.
അതൊന്നും പറഞ്ഞാൽ പറ്റില്ല. നിന്നോട് വാങ്ങിക്കൊടുക്കാന്ന് ഞാൻ ഓന് വാക്ക് കൊടുത്തതാ. ഇനി രവിയും കിവിയുമൊന്നും പറയണ്ട. എപ്പോൾ അയക്കുമെന്ന് ഓനോട് പറഞ്ഞാ മതി.
ഉമ്മ ഫോൺ കൊടക്ക്, ഞാൻ സംസാരിക്കട്ടെ. കണാരേട്ടാ വാക്ക് പറഞ്ഞതൊക്കെ നേര് തന്നെ. അയക്കാന്ന് വിചാരിച്ചതുമാണ്. പക്ഷേ, ചെക്കിംഗും ഔട്ട്പാസുമൊക്കയായി ഒന്നും നടന്നില്ല. കച്ചോടൊക്കെ പൊളിഞ്ഞു പാളീസായി. ഒന്നു ലെവലാകട്ടെ, ആലോചിക്കാം.
പിന്നെ ആരാ രവി. അയാൾക്കും കൊടുക്കുന്നുണ്ടോ?
അതു രവിയല്ല, ലെവിയാണ്. ഉമ്മ കേട്ടപ്പോൾ തെറ്റിയതാണ്. ഇവിടെ ഇപ്പോൾ ലെവിയടയ്ക്കണം.
അതിന് മൽബു അവിടെ പാർട്ടിക്കൊന്നും പോകാറില്ല എന്നാണല്ലോ കേട്ടത്. പിന്നെ എന്തിനാ ലെവിയടക്കുന്നത്.
പാർട്ടി ലെവിയല്ല കണാരേട്ടാ. ഇവിടെ സർക്കാരിനാണ് ലെവി കൊടുക്കേണ്ടത്. കഴിഞ്ഞ ഒന്നാം തീയതി മുതൽ. ശരിക്കും ചോദിക്കാട്ടോ. നിങ്ങൾ പത്രമൊന്നും വായിക്കാറില്ലേ.
പത്രത്തിലൊന്നും കണ്ടില്ലല്ലോ?
എന്നാൽ കേട്ടോളൂ. നമ്മുടെ പാർട്ടി പഠിപ്പിച്ച ലെവി ഇവിടെ ഇവരും ഏറ്റെടുത്തു. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിലെ ഓരോ അംഗവും മാസം 100 റിയാൽ വീതം ലെവി നൽകണം.
കൊടുക്കാതിരിക്കണമെങ്കിൽ, പാർട്ടി വിടുന്നതുപോലെ ഇവിടത്തെ താമസം മതിയാക്കി ഓളേം മക്കളേം നാട്ടിലയക്കണം.
ലെവി കൊടുക്കാൻ മടിച്ചിട്ടൊന്നും ആരും പാർട്ടി ബന്ധം ഒഴിവാക്കാറില്ല. അതു നിന്റെ തെറ്റിദ്ധാരണയാണ്. പിണറായിയോ കണാരേട്ടനോ കണ്ടുപിടിച്ചതല്ല ലെവി. അതു പണ്ട് കാൾ മാർക്‌സിന്റെ കാലം മുതലേ ഉള്ളതാണ്.
പാർട്ടിയുടെ വരുമാനമാണ് ലെവിയെങ്കിൽ ഇവിടെ സർക്കാരിന്റെ വരുമാനമാണ് ലെവി. ഭാര്യക്കും നാല് മക്കൾക്കും കൂടി ഞാൻ അടയ്‌ക്കേണ്ട തുക കേൾക്കണോ? കണാരേട്ടൻ ഞെട്ടും.
എത്രയാ?
ഈ വർഷം ഒരു ലക്ഷത്തി എട്ടായിരം രൂപ. അടുത്ത വർഷം ഇതിന്റ ഇരട്ടി.
മക്കളുടെ എണ്ണം കൂട്ടുമ്പോ ആലോചിക്കണാരുന്നു.
അതിപ്പോ പറഞ്ഞിട്ടെന്താ കണാരേട്ടാ. നിങ്ങടെ നിക്ഷേപ സമാഹരത്തിന് ഒരു ലക്ഷം അയക്കാമെന്നല്ലേ പറഞ്ഞിരുന്നത്. അതിതാ ഇവിടെയങ്ങടച്ചു. ഇല്ലെങ്കിൽ ഈ വെക്കേഷന് അവരെ നാട്ടിലയക്കാൻ പറ്റില്ല.
വല്ലാത്ത ചെയ്ത്തായിപ്പോയീട്ടാ. നീ അയക്കുന്നതും ചേർത്താണ് ഞാൻ മാനേജർക്ക് ഒരു കോടിയുടെ കണക്ക് കൊടുത്തത്.
നിങ്ങടെ ഭാര്യ ലീലേച്ചിനെയാ ഞാൻ മനസ്സിലോർത്തത്.
അതെന്തിനാ?
ലീലേച്ചി പറഞ്ഞതാ സംഭവം.
എന്താ ഓള് പറഞ്ഞത്
വരാനുള്ളത് വഴിയിൽ തങ്ങൂല്ലാന്ന്.
ഞാൻ നമ്മുടെ പാർട്ടിയുടെ നിലപാടൊന്നറിയട്ടെ. എന്നിട്ട് തിരിച്ചുവിളിക്കാം.
എന്തു നിലപാട്.
നിങ്ങൾ ഇപ്പറയുന്ന ലെവിയുടെ കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് വേണമല്ലോ. ആയിരക്കണക്കിന് പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നമല്ലേ..
കണാരേട്ടാ, ഇതിൽ ഒരു നിലപാടും അറിയാനില്ല. അവിടെ ലെവി നിങ്ങൾ പാർട്ടിയുടെ പുരോഗതിക്ക് ഉപയോഗിക്കുന്നു. ഇവിടെ സർക്കാർ അതു രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കുന്നു. അത്രേയുള്ളൂ.
ഞാനിവിടെ വന്നിട്ട് പത്ത് വർഷായില്ലേ. വന്ന മുതൽ ഇവിടെ സാമൂലിക്കും ഖുബ്‌സിനും ഒരു റിയാലാണ് വില.
എന്തുകൊണ്ടാ അത്?
ഗവൺമെന്റ് സബ്‌സിഡി നൽകുന്നതുകൊണ്ട്. അല്ലാതെങ്ങനെ.
അപ്പോൾ നിങ്ങൾ പ്രവാസികൾ സംതൃപതരാണ് അല്ലേ.
ഞാൻ ഏതായാലും സംതൃപ്തനാണ്.
കാരണം?
തൽക്കാലം നിങ്ങൾക്ക് ഒരു ലക്ഷം തരണ്ടല്ലോ.