കൊച്ചി- ദോശ കിട്ടാൻ വൈകിയതിന് കളിത്തോക്കെടുത്ത് തട്ടുകടക്കാരനെ ഭീക്ഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊച്ചിയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്കാരനായ കൊല്ലം സ്വദേശി സുനിലാണ് (40) അറസ്റ്റിലായത്. വൈറ്റില ഹബ്ബിന് സമീപമാണ് സംഭവം. തട്ടുദോശ നൽകാൻ വൈകിയതോടെ ഇയാൾ തോക്കെടുക്കുകയായിരുന്നു. തട്ടുകടക്കാരും, കടയിലുണ്ടായിരുന്നവരും പരിഭ്രാന്തരായി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കടക്കാരനെക്കൊണ്ട് ദോശയുണ്ടാക്കിച്ചത്. യഥാർത്ഥ തോക്കാണെന്ന് കരുതി ആരും അടുത്തില്ല. ദോശ കഴിച്ചശേഷം കൈകഴുകി മടങ്ങാൻ ശ്രമിക്കവേ ഭക്ഷണത്തിന്റെ പണം ചോദിച്ച കടക്കാരന്റെ നേർക്ക് യുവാവ് വീണ്ടും തോക്ക് ചൂണ്ടുകയായിരുന്നു.
പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തി തോക്ക് കൈവശപ്പെടുത്തിയപ്പോഴാണ് കളിത്തോക്കാണെന്ന് മനസിലായത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. പൊതുജനങ്ങളെ ഭീഷണിപ്പെടുത്തിയതിന് പിഴ ഈടാക്കി വിട്ടയച്ചു.