കൊച്ചി- പോലീസ് ക്ലിയറന്‍സ് നല്‍കാത്തതിനാല്‍ പാസ്‌പോര്‍ട്ട് നിഷേധിക്കപ്പെട്ട സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു സമര്‍പ്പിച്ച ഹരജി ബുധനാഴ്ചത്തേക്ക് മാറ്റി. എറണാകുളത്ത് നടന്ന സിപിഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത കാര്യം രാജുവിന് അറിയില്ലേയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
പി.രാജുവിനെതിരെ കേസെടുത്തത് ജൂലൈ 23നാണെന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത് 24നാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ദമസ്‌കസില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പി. രാജു പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷിച്ചത്. അടുത്ത മാസം എട്ടിനാണ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടത്.
എറണാകുളത്തെ കൊച്ചി റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ, സംസ്ഥാന കമ്മിറ്റി അംഗം സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് പ്രതിപ്പട്ടികയിലുളളത്.
നിലവിലെ പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ നല്‍കിയത്. പോലീസ് ക്ലിയറന്‍സ് നിഷേധിച്ചതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കിയില്ല.