ചണ്ഡീഗഢ്- സ്‌ത്രീയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ സുരക്ഷാ സംഘത്തിൽ പെട്ട ഉദ്യോഗസ്ഥനാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. സ്‌ത്രീയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ഇദ്ദേഹത്തെ പാർക്കിങ് കേന്ദ്രത്തിൽ വെച്ചാണ് ചരൺജിത് സിംഗ് എന്നയാൾ വെടിവെച്ച് കൊലപ്പെടുത്തിയത്. പഞ്ചാബ് പൊലീസിൽ നാലാം കമാൻഡോ ബറ്റാലിയനിലെ ഉദ്യോഗസ്ഥനായ സുഖ്‌വിന്ദർ കുമാർ (25) ആണ് കൊല്ലപ്പെട്ടത്. സ്‌ത്രീയെ ആക്രമിക്കാൻ ശ്രമിച്ച യുവാവുമായി പോലീസ് ഉദ്യോഗസ്ഥൻ തർക്കത്തിലേർപ്പെടുകയും സ്‌ത്രീയെ രക്ഷപ്പെടുത്താനായി ശ്രമം നടത്തുകയും ചെയ്‌തിരുന്നു. ഇതിനെയാണ് ക്ഷുഭിതനായ അക്രമി വെടിവെച്ചത്.
രണ്ടു പുരുഷ സുഹൃത്തുക്കളുമായും ഒരു വനിത സുഹൃത്തുമായും ക്ലബ്ബിലെത്തിയ യുവാവ് സ്‌ത്രീയെ കയറിപ്പിടിച്ചതോടെ യുവതി ഇതിനെതിരെ പ്രതികരിച്ചു. ഇതോടെ സംഭവത്തിൽ പോലീസ് ഓഫീസർ ഇടപെടുകയായിരുന്നു. തർക്കം മൂത്തതോടെ ബാർ അധികൃതർ ഇടപെട്ടു തർക്കം അവസാനിപ്പിക്കുകയും ഇവിടെ നിന്ന് പിരിഞ്ഞു പോകുകയും ചെയ്‌തു. എന്നാൽ, പുറത്തു കാത്തിരുന്ന പ്രതി വീണ്ടും സുഖ്‌വിന്ദർ കുമാറുമായി തർക്കത്തിലേർപ്പെടുകയും വെടിയുതിർക്കുകയുമായിരുന്നു. സുഖ്‌വിന്ദർ കുമാന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകളാണ് ഏറ്റത്. സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായും അക്രമിയുടെ സുഹൃത്തിനെ പിടികൂടിയതായും അക്രമിയെ ഉടൻ പിടികൂടുമെന്നും മൊഹാലി പോലീസ് ഓഫീസർ കുൽദീപ് സിങ് പറഞ്ഞു.