Sorry, you need to enable JavaScript to visit this website.

റബർ മാർക്കറ്റിൽ വിൽപന തരംഗം;  സ്വർണ വില കുതിക്കുന്നു 


ആഗോള റബർ മാർക്കറ്റിൽ ഉടലെടുത്ത വിൽപന തരംഗം ഉൽപാദകരെ സമ്മർദത്തിലാക്കി. അന്താരാഷ്ട്ര റബർ വിപണി വിൽപനക്കാരുടെ നിയന്ത്രണത്തിലാണ്. കാലാവസ്ഥ അനുകുലമായതോടെ തായ്‌ലന്റ് ഉൾപ്പെടെയുള്ള ഉൽപാദക രാജ്യങ്ങളിൽ ടാപ്പിങ് സജീവമായി. ഏഷ്യൻ മേഖലയിൽ റബർ ടാപ്പിങ് വ്യാപകമായതോടെ ലാറ്റക്‌സ്, ഷീറ്റ് വരവ് മുൻ മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്നു. 
റെഡി മാർക്കറ്റിലെ സ്ഥിതിഗതികൾ റബർ വില ഉയരുന്നതിന് തടസ്സമാക്കുമെന്ന വിലയിരുത്തൽ ഓപറേറ്റർമാരെ അവധിയിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ടോക്കോമിൽ ജൂലൈ അവസാനം കിലോഗ്രാമിന് 200 യെന്നിൽ നീങ്ങിയ റബർ വാരത്തിന്റെ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ നീങ്ങിയെങ്കിലും രണ്ടാം പാദത്തിൽ വിൽപന സമ്മർദത്തിൽ അകപ്പെട്ടു. വ്യാഴാഴ്ച കിലോ പത്ത് യെന്നും വെളളിയാഴ്ച 18 യെന്നുമാണ് റബർ വില ഇടിഞ്ഞത്. ഓഗസ്റ്റ് അവധി 191 യെന്നിലാണ്. സംസ്ഥാനത്ത് റബർ വെട്ട് പുരോഗമിക്കുകയാണ്. അടുത്ത വാരം പുതിയ ഷീറ്റ് ഇറക്കാനാവുമെന്ന നിഗമത്തിലാണ് ചെറുകിട കർഷകർ. ചരക്ക് ക്ഷാമം നിലനിന്നിട്ടും നാലാം ഗ്രേഡ് 15,000 രൂപയിൽ നിന്ന് 14,700 ലേയ്ക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 400 രൂപ കുറഞ്ഞ് 14,400 രൂപയായി. 
കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡായ 26,200 രൂപയിലെത്തി. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 55 രൂപ ഉയർന്ന് 3275 രൂപയായി. 25,760 രൂപയിൽ ഓപൺ ചെയ്ത മാർക്കറ്റ് വാരത്തിന്റെ രണ്ടാം പകുതിയിൽ 25,960 ലേക്കും വെളളിയാഴ്ച 26,040 ലേക്കും കയറി. മാർക്കറ്റ് ക്ലോസിങ് നടക്കുമ്പോൾ 26,200 രൂപയിലാണ്. ചിങ്ങം അടുത്തിനാൽ വിവാഹ പാർട്ടികളെ വിലക്കയറ്റം ബാധിക്കും.  അന്താരാഷ്ട്ര വിപണികളിൽ സ്വർണം ബുള്ളിഷാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1418 ഡോളറിൽ നിന്ന് സ്വർണം 1449 ഡോളർ വരെ കുതിച്ച ശേഷം ക്ലോസിങിൽ 1440 ഡോളറിലാണ്. ജൂലൈയിൽ രേഖപ്പെടുത്തിയ 1452 ഡോളറിലെ പ്രതിരോധം മറികടന്നാൽ 1498 ഡോളർ വരെ സ്വർണ വില മുന്നേറാം.  
ഏലക്ക വില കിലോ 7000 രൂപയായി കുതിച്ചു. ശനിയാഴ്ച നെടുക്കണ്ടത്ത് നടന്ന ലേലത്തിലാണ് മികച്ചയിനങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വിൽപനയായത്. ലേല കേന്ദ്രങ്ങളിലെ രൂക്ഷമായ ചരക്ക് ക്ഷാമവും ഉത്സവ ഡിമാന്റും റെക്കോർഡ് കുതിപ്പിന് വഴി തെളിച്ചു. ശരാശരി ഇനങ്ങൾ ഏറ്റവും ഉയർന്ന നിരക്കായ 4655 രൂപയിലെത്തി.  ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്കയിൽ താൽപര്യം കാണിച്ചു.  കുരുമുളക് വിലയിൽ മാറ്റമില്ല. മഴ കനത്തതോടെ ഉത്തരേന്ത്യയിൽ നിന്ന് മുളകിന് അന്വേഷണം കുറഞ്ഞു. അടുത്ത വാരം കാലാവസ്ഥ തെളിഞ്ഞാൽ പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ് വില 33,700 രൂപയിലും ഗാർബിൾഡ് 35,700 രൂപയിലും വാരാന്ത്യ ക്ലോസിങ് നടന്നു.
ജാതിക്ക വിപണി മധ്യവർത്തികളുടെ കരങ്ങളിലാണ്. വിളവെടുപ്പ് വേളയിൽ എറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഉൽപന്ന വില ഇടിച്ച് ചരക്ക് കൈക്കലാക്കിയവർ വിളവെടുപ്പ് പുർത്തിയാതോടെ നിരക്ക് ഉയർത്താനുള്ള അണിയറ നീക്കത്തിലാണ്. പ്രതികൂല കാലാവസ്ഥ മൂലം ജാതിക്ക, ജാതിപത്രി തുടങ്ങിയവുടെ ഉൽപാദനം ഈ വർഷം കുറവാണ്. വിദേശത്ത് നിന്നും ആഭ്യന്തര മാർക്കറ്റിൽ നിന്നും വരും മാസങ്ങളിൽ ഡിമാണ്ട് ഉയരാം. ജാതിക്ക തൊണ്ടൻ കിലോ 200-220 രൂപ, തൊണ്ടില്ലാത്തത് 410-450, ജാതിപത്രി 750-1000 രൂപയിലാണ്.
നാളികേരോൽപന്ന വില രണ്ടാം വാരവും സ്‌റ്റെഡി. മില്ലുകാരുടെ കണക്ക് കൂട്ടലുകൾക്ക് ഒത്ത് പ്രദേശിക വിപണികളിൽ വെളിച്ചെണ്ണക്ക് മാസാരംഭ ഡിമാന്റ് അനുഭവപ്പെട്ടില്ല. സർക്കാർ ഏജൻസികൾ കൊപ്ര സംഭരണ രംഗത്തുണ്ട്. പച്ചത്തേങ്ങക്ക് താങ്ങ് വില പ്രഖ്യാപിക്കാൻ കേന്ദ്രം തയാറായാൽ ഉൽപാദകർക്ക് ആശ്വാസമാവും. കൊച്ചിയിൽ വെളിച്ചെണ്ണ 13,700 ലും കൊപ്ര 9190 രൂപയിലുമാണ്. 
 

Latest News