ന്യൂദൽഹി- ഉന്നാവോയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തെ പറ്റിയുള്ള അന്വേഷണം ഒരാഴ്ചക്കകം പൂർത്തിയാക്കാൻ സി.ബി.ഐക്ക് സുപ്രീം കോടതിയുടെ നിർദ്ദേശം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ദൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ഇതിന് പുറമെ, ഉന്നാവോ ബലാത്സംഗ കേസ് യു.പിയിൽനിന്ന് ദൽഹിയിലേക്ക് മാറ്റാനും ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥരെ സുപ്രീം കോടതി വിളിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗേയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
കാറപകടത്തിൽ ഗുരുതരമായ പരിക്കേറ്റ പെൺകുട്ടിയും അഭിഭാഷകനും ലഖ്‌നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. ഇരുവരുടെയും ജീവൻ പിടിച്ചു നിർത്തിയിരിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ശരീരത്തിന്റെ മിക്കഭാഗങ്ങളിലും പരിക്കുകൾ ഉള്ള പെൺകുട്ടിയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. അഭിഭാഷകൻ മഹേന്ദർ സിംഗിന് തലയ്ക്ക് ഗുരുതര പരിക്കുണ്ടെന്നും ആശൂപത്രിയിലെ ട്രോമ കെയർ ഇൻചാർജ് ഡോ. സന്ദീപ് തിവാരി പറഞ്ഞു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും ഇന്നു കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പെൺകുട്ടിക്കൊപ്പം കാറിൽ സഞ്ചരിച്ചിരിക്കുന്നതിനിടെ റായ് ബറേലിയിൽ വെച്ച് അപകടത്തിൽ കൊല്ലപ്പെട്ട ബന്ധുക്കളായ സ്ത്രീകളുടെ അന്തിമ കർമങ്ങൾ ഇന്നലെയാണ് നടന്നത്.
കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ ജയിലിലുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ സഹോദരനും കൂട്ടാളികളും തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരയായ പെൺകുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരിയും അമ്മായിയും ചേർന്നാണു ചീഫ് ജസ്റ്റിസിനു കത്തയച്ചത്. ജൂലൈ ഏഴിനും എട്ടിനും ബിജെപി നേതാവിന്റെ സഹോദരനും സഹായികളും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയത് അടക്കമുള്ള സംഭവങ്ങളാണു കത്തിൽ വിശദീകരിച്ചിരിക്കുന്നത്. കേസ് പിൻവലിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടിവരുമെന്ന് കുൽദീപിന്റെ സഹോദരൻ മനോജ് സിഗും കൂട്ടാളികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിതാവ് പോലീസ് കസ്റ്റഡിയിൽ മരിക്കുകയും ഏക പുരാഷാശ്രയമായിരുന്ന അമ്മാവൻ പോലീസ് കസ്റ്റഡിയിൽ ആകുകയും ചെയ്തതോടെ പെൺകുട്ടിയുടെ കുടുംബത്തിൽ അമ്മയും മൂന്നു സഹോദരിമാരും ഒരു ഇളയ സഹോദരനും മാത്രമാണുണ്ടായിരുന്നത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി സ്വമേധയാ നിയമിച്ച അമിക്കസ് ക്യൂറി വി. ഗിരിയാണ് വിഷയം ഇന്നലെ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.
ഉന്നാവോയിലെ പെൺകുട്ടിയും അഭിഭാഷകനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിന് പിന്നിലെ ഗൂഡാലോചന കേസ് കേന്ദ്രം കഴിഞ്ഞ ദിവസം സിബിഐക്ക് കൈമാറിയിരുന്നു. കേന്ദ്ര പേഴ്‌സണൽ കാര്യ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് സിബിഐക്ക് നൽകിയത്. സിബിഐയുടെ പ്രതിപ്പട്ടികയിൽ ഉത്തർപ്രദേശ് ബിജെപി മന്ത്രിയുടെ മരുമകൻ അരുൺ സിംഗിന്റെ പേരും ഉണ്ട്. അപകടം നടന്ന സ്ഥലത്ത് പന്ത്രണ്ടംഗ സിബിഐ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ബിജെപി എംഎൽഎ കുൽദീപ് സിംഗിനെയും പെൺകുട്ടിയുടെ സംരക്ഷണത്തിനായി നിയോഗിച്ചിരുന്ന ഗൺമാനെയും സിബിഐ ഇന്നലെ ചോദ്യം ചെയ്തു.
സിബിഐ കുൽദീപ് സെംഗാറിനും മുപ്പതോളം വരുന്ന കൂട്ടാളികൾക്കും എതിരേ ഗൂഡാലോചനയ്ക്കും കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മാവൻ റായ്ബറേലിയിലെ ഗുരുഭക്ഷ്ഗഞ്ച് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുൽദീപ് സിംഗ് സെംഗാർ, സഹോദരൻ മനോജ് സിംഗ് സെംഗാർ, കൂട്ടാളികളായ വിനോദ് മിശ്ര, ഹരിപാർ സിംഗ്, നവീൻ സിംഗ്, കൊമാൽ സിംഗ്, അരുൺ സിംഗ്, ഗ്യാനേന്ദ്ര സിംഗ്, റിങ്കു സിംഗ്, അഭിഭാഷകൻ അവ്‌ദേശ് സിംഗ്, പതിനഞ്ചോളം തിരിച്ചറിയാത്ത പ്രതികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ സംസ്ഥാന മന്ത്രി രൺവേന്ദ്ര പ്രതാപ് സിംഗിന്റെ മകളുടെ ഭർത്താവാണ് അരുൺ സിംഗ്. ജൂലൈ 29ന് ഉത്തർപ്രദേശ് സർക്കാരിന്റെ അനുമതിയും 30ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവും വന്നതിന് പിന്നാലെയാണ കേസെടുത്തിരിക്കുന്നതെന്ന് സിബിഐ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയിൽ അലഹാബാദ് ഹൈക്കോടതി പെൺകുട്ടിയുടെ കേസിന്റെ വിചാരണ ലഖ്‌നൗ സിബിഐ കോടതിയിലേക്ക് മാറ്റിയിരുന്നു. രണ്ടു മാസത്തിന് ശേഷം സിബിഐ കുൽദീപ് സെംഗാറിനും സഹായ ശശി സിംഗിനും എതിരോ പോക്‌സോ പ്രകാരം കുറ്റപത്രം തയാറാക്കി. 2018 ജൂലൈയിൽ സിബിഐ കോടതി കുറ്റപത്രം സ്വീകരിച്ചു എങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. അതിനിടെ കഴിഞ്ഞ വർഷം ജനപ്രതിനിധികൾക്കെതിരായ കേസിൽ വേഗം തീർപ്പുണ്ടാക്കണം എന്ന സുപ്രീംകോടതി നിർദേശം അനുസരിച്ച് യുപി സർക്കാർ ഓഗസ്റ്റ് 21ന് പ്രതിയേക കോടതി രൂപീകരിച്ചു. എന്നിട്ടും സിബിഐ കോടതിയാണോ പ്രത്യേക കോടതിയാണോ വിചാരണ തുടരേണ്ടതെന്ന ആശയക്കുഴപ്പം കാരണം കേസിന്റെ വിചാരണ ഒരു കോടതിയിലും നടന്നില്ല. ഒരു വർഷത്തോളമാണ് വിചാരണയും കോടതിയുമില്ലാതെ കേസ് കെട്ടിക്കിടക്കുന്നത്. അതിനിടെ കഴിഞ്ഞ ഏപ്രിൽ 15ന് സിബിഐ കോടതി ജഡ്ജി വത്സൽ ശ്രീവാസ്തവ സ്ഥലം മാറിപ്പോയതോടെ കഴിഞ്ഞ മൂന്നു മാസമായി ജഡ്ജിയില്ലാത്തെ കോടതിയുടെ മുന്നിലാണ് ഇപ്പോൾ ഉന്നാവോയിലെ പീഡന പരാതി എത്തി നിൽക്കുന്നത്.
അപകടത്തിനിടയാക്കിയ ട്രക്ക് തെറ്റായ ദിശയിൽ വന്നാണ് പെൺകുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലിടിച്ചത് എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. അപകടം നടന്ന ഉടനെ ഡ്രൈവറും ക്ലീനറും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അപകടത്തിന് ദൃക്‌സാക്ഷികളായ അർജുൻ യാദവും രമേഷ് ചന്ദ്ര യാദവും പറഞ്ഞത്. അപകടം നടന്ന പോർ ദൗളി ക്രോസിംഗിൽ ഒരു വളവുണ്ട്. ട്രക്ക് ഡ്രൈവർ തെറ്റായ സൈഡിൽ കൂടി ഓടിച്ചു വന്നാണ് കാറിൽ ഇടിച്ചത്. എതിർ ദിശയിൽ വരികയായിരുന്ന കാറിനെ ഇടിച്ച് പത്തു മീറ്ററോളം ദൂരം മുന്നോട്ടു പോയി. എന്നാൽ, ട്രക്ക് ഡ്രൈവറായിരുന്ന ആശിഷ് പാലിനെ ഒരു തരത്തിലുള്ള ഗൂഡാലോചനയിലും പങ്കില്ലെന്നും കാർ ഡ്രൈവറുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നുമാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സിബിഐ അന്വേഷിച്ചു സത്യം കണ്ടെത്തട്ടേ എന്നും ആശിഷിന്റെ അമ്മ രാജ് റാണി പറഞ്ഞു. ഇവരുടെ അകന്ന ബന്ധുവായ ദേബേന്ദ്ര കിഷോറിന്റെ ഉടമസ്ഥതയിലുള്ളതാണ് ട്രക്ക്.