ഹൈറേഞ്ചിൽ മികച്ച കാലാവസ്ഥ ലഭ്യമായതോടെ ഏലം കർഷകർ ഏലത്തോട്ടങ്ങളിൽ സജീവമായി. മികച്ച കാലാവസ്ഥ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കർഷകർ. ഓഫ് സീസണിലെ റെക്കോർഡ് പ്രകടനം കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ ഏലക്ക വില കിലോ 1400 രൂപയായിരുന്നു. എന്നാൽ മികച്ചയിനങ്ങളുടെ നിരക്ക് ഇപ്പോൾ 4000 രൂപയാണ്. കഴിഞ്ഞ മാസം വില 6000 രൂപ വരെ ഉയർന്നിരുന്നു. ഓഫ് സീസണിലെ ഈ വിലക്കയറ്റത്തിന്റെ നേട്ടം നുകരാൻ കർഷകർക്കായില്ല. വിളവെടുപ്പ് വേളയിൽ തന്നെ വലിയോരു പങ്ക് ഏലക്ക കർഷകർ വിറ്റഴിച്ചിരുന്നു. പിന്നിട്ട ആറ് മാസങ്ങളിൽ ഏലക്ക കാഴ്ചവെച്ച റെക്കോർഡ് കുതിപ്പ് നേട്ടമായത് മധ്യവർത്തികൾക്കാണ്.
കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം ഇക്കുറി സീസൺ സെപ്റ്റംബർ ഒക്ടോബറിലേക്ക് നീളുമെന്ന അവസ്ഥയിലാണ്. ബക്രീദ് ആവശ്യങ്ങൾ മുൻ നിർത്തി ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക സംഭരിക്കുന്നുണ്ട്. പിന്നിട്ട വാരം ഏലക്ക വില കിലോ 3930-4200 രൂപയിൽ നീങ്ങി. പല ലേലത്തിലും ഇറങ്ങിയ ചരക്ക് പുർണമായി തന്നെ വിറ്റു. ബക്രീദ് കഴിഞ്ഞാൽ ഓണ ഡിമാന്റ് മുന്നിൽ കണ്ടുള്ള ഏലക്ക സംഭരണത്തിന് ചെറുകിട വ്യാപാരികൾ നീക്കം തുടങ്ങും.
ചുക്ക് വ്യാപാര രംഗം സജീവമായി. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വ്യാപകമായതോടെ പതിവ് പോലെ ചുക്ക് സംഭരണം തുടങ്ങി. ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞ അളവിലാണ് ചരക്ക് വിൽപനക്ക് എത്തിയത്. വിപണി വില ഉയരുമെന്ന കണക്ക് കൂട്ടലിലാണ് സ്‌റ്റോക്കിസ്റ്റുകളും. വിലക്കയറ്റം പ്രതീക്ഷിച്ച് ഇറക്കുമതി ചരക്ക് വിറ്റഴിക്കാൻ വ്യവസായികളും രംഗത്തുണ്ട്. വിവിധയിനം ചുക്ക് വില 22,500-30,000 രൂപയിലാണ്.
അടുത്ത സീസണിലെ കുരുമുളക് ഉൽപാദനം സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയും തെളിഞ്ഞിട്ടില്ല. കാലവർഷം വൈകിയത് ഉൽപാദനത്തെ ബാധിക്കും. കർക്കടകം ആദ്യ പകുതിയിൽ മഴ ലഭ്യമായെങ്കിലും രണ്ടാം പകുതിയിലെ മഴയുടെ അളവ് കനത്താൽ കൊടികളിൽ നിന്ന് തിരികൾ അടർന്നു വിഴും. രണ്ടാഴ്ച കൂടി കാത്തു നിന്ന് ശേഷം സ്‌റ്റോക്ക് ഇറക്കുന്നതിൽ കാർഷിക മേഖല പുതിയ തീരുമാനങ്ങൾ കൈക്കൊളളാൻ ഇടയുണ്ട്.
കുരുമുളകിന് ഉത്തരേന്ത്യൻ അന്വേഷണങ്ങൾ എത്തുന്നുണ്ട്. നാടൻ ചരക്കിന്റെ ലഭ്യത ചുരുങ്ങിയതിനാൽ വില ഉയർത്തിയും മുളക് ശേഖരിക്കാൻ വാങ്ങലുകാർ രംഗത്ത് ഇറങ്ങി. ഇതിനിടയിൽ നേരത്തെ ഇറക്കുമതി നടത്തിയ വിയറ്റ്‌നാം, ശ്രീലങ്കൻ ചരക്ക് ആകർഷമായ വിലക്ക് മറിച്ച് വിൽപന നടത്താൻ ഇറക്കുമതി ലോബിയും രംഗത്തുണ്ട്. ഗാർബിൾഡ് കുരുമുളക് വില 35,700 രൂപ.
ജാതിക്കയും ജാതിപത്രിയും ശേഖരിക്കാൻ ഔഷധ വ്യവസായികൾക്ക് ഒപ്പം കറിമസാല നിർമാതാക്കളും വിപണിയിലെത്തിയത് വില ഉയർത്തി. വിളവെടുപ്പ് പുർത്തിയായെങ്കിലും ഇക്കുറി ഉൽപാദനം കുറവായതിനാൽ വിപണിയിൽ വരവ് കുറവാണ് ജാതിക്ക തൊണ്ടൻ കിലോ 200-225 രൂപ, തൊണ്ടില്ലത്തത് 400-450, ജാതിപത്രി 750-900 രൂപ.
മഴ കനത്തതോടെ ഒട്ടുമിക്ക തോട്ടങ്ങളിലും റബർ ടാപ്പിങ് സ്തംഭിച്ചു. പുതിയ സാഹചര്യത്തിൽ മുഖ്യ വിപണികളിലേയ്ക്കുള്ള ഷീറ്റ് വരവ് ശക്തിയാർജിക്കാൻ ഓഗസ്റ്റ് രണ്ടാം വാരം വരെ കാത്തിരിക്കേണ്ടിരും. ഉൽപാദന രംഗത്തെ തളർച്ചക്ക് ഇടയിൽ നാലാം ഗ്രേഡ് റബർ വില 200 രൂപ വർധിച്ച് 15,000 രൂപയായി. അഞ്ചാം ഗ്രേഡ് 14,800 രൂപയിലാണ്. രാജ്യാന്തര വിപണിയിൽ റബർ വില കുറഞ്ഞു. ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ വില മൂന്ന് മാസങ്ങളിലെ താഴ്ന്ന നിലവാരം ദർശിച്ചു.
കൊപ്രയാട്ട് മില്ലുകാർ പ്രദേശിക വിപണികളെ ഉറ്റുനോക്കുന്നു. മാസാരംഭമായതിനാൽ വൻകിട ചെറുകിട വിപണികളിൽ എണ്ണക്ക് ആവശ്യം ഉയരും. ബക്രീദ് അടുത്തതിനാൽ വിൽപന തോത് ഇരട്ടിക്കുമെന്ന വിശ്വാസത്തിൽ വില ഉയർത്തി മില്ലുകാർ കൊപ്ര ശേഖരിച്ചു. കൊപ്ര വില ഉയരുന്നതിനൊപ്പം എണ്ണ മാർക്കറ്റും ചൂട് പിടിക്കും. വെളിച്ചെണ്ണ വില 300 രൂപ കയറി 13,600 ലും കൊപ്ര 9115 രൂപയിലുമാണ്.
കേരളത്തിൽ സ്വർണ വില നേരിയ റേഞ്ചിൽ ചാഞ്ചാടി. ആഭരണ കേന്ദ്രങ്ങളിൽ പവൻ 25,720 രൂപയിൽ നിന്ന് 25,920 വരെ ഉയർന്ന ശേഷം വാരാവസാനം 25,760 ലാണ്. ഗ്രാമിന് വില 3220 രൂപ. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1424 ഡോളറിൽ നിന്ന് 1418 ഡോളറായി.