Sorry, you need to enable JavaScript to visit this website.

നാളികേര കർഷകർക്ക്  പ്രതീക്ഷയുടെ  നാളുകൾ

നാളികേര കർഷകർക്ക് ഇനി പ്രതീക്ഷയുടെ ദിനങ്ങളാണ്. ജനുവരി മുതൽ കനത്ത വിലത്തകർച്ചയെ അഭിമുഖീകരിച്ച കൊപ്ര തിരിച്ചു വരവിന് ഒരുങ്ങുകയാണ്. പച്ചത്തേങ്ങയും കൊപ്രയും കർഷകരിൽ നിന്ന് സംഭരിക്കാൻ കേരളം തുടക്കം കുറിച്ചതോടെ തമിഴ്‌നാടും അര ലക്ഷം ടൺ കൊപ്ര ഉൽപാദകരിൽ നിന്ന് താങ്ങ് വിലക്ക് സംഭരിക്കാൻ തുടങ്ങി. ഇത് കേരള കർഷകരെ സംബന്ധിച്ചിടത്തോളം നേട്ടമാകും.  വിപണിക്ക് അനുകൂലമായ വാർത്ത പുറത്തു വന്നതോടെ കാങ്കയത്ത് കൊപ്ര വില 8350 ൽ നിന്ന് 8550 ലേക്ക് കയറി. കൊച്ചിയിൽ കൊപ്ര വില 8830 രൂപയാണ്. 9521 രൂപ പ്രകാരമാണ് മില്ലിങ് കൊപ്ര സംഭരണം. 
കാലവർഷം ശക്തി പ്രാപിച്ചതോടെ കൊപ്രയിലെ ജലാംശ തോത് ഇനി ഉയരും. അതുകൊണ്ട് തന്നെ ഉണക്ക് കൂടിയ കൊപ്രക്ക് ഡിമാണ്ട് വർധിക്കാം. വെളിച്ചെണ്ണക്ക് പ്രദേശിക ആവശ്യം ഉയരുന്ന ചിങ്ങം വരെ നാളികേരോൽപന്നങ്ങൾ മികവ് കാണിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ 12,900 ൽ നിന്ന് 13,200 രൂപയായി. കോഴിക്കോട് എണ്ണ 15,000 രൂപയിലും തൃശൂരിൽ 12,900 രൂപയിലുമാണ്. 
ദക്ഷിണേന്ത്യൻ തേയിലക്ക് ബെഞ്ച് മാർക്ക് നിരക്ക് നിശ്ചയിച്ചു. ചെറുകിട തേയില കർഷകർക്ക് താങ്ങ് പകരാനാണ് ടീ ബോർഡ് മുന്നോട്ട് വന്നത്. ദക്ഷിണേന്ത്യൻ ലേലങ്ങളിൽ തേയിലയുടെ എറ്റവും കുറഞ്ഞ വില കിലോ 60 രൂപയാക്കാൻ തീരുമാനിച്ചു. ഉത്തേരേന്ത്യൻ ലേലത്തിൽ തേയിലക്ക് ടീ ബോർഡ് നിശ്ചയിച്ച ബെഞ്ച് മാർക്ക് വില കിലോ 90 രൂപയാണ്. പുതിയ സാഹചര്യത്തിൽ കേരളത്തിലെ ഉൽപാദകർക്ക് മെച്ചപ്പെട്ട വിലക്ക് ചരക്ക് ലേലം ഉറപ്പിക്കാനാവും. കാലവർഷം വീണ്ടും സജീവമായത് തോട്ടം മേഖലയ്ക്ക് കുളിരു പകർന്നു. ഇനി കൊളുന്ത് നുള്ള് ഊർജിതമാക്കുന്നതിനൊപ്പം ലേലത്തിന് തേയില വരവ് ഉയരും. 


ബക്രീദ് അടുത്തതോടെ ഏലത്തിന് ആഭ്യന്തര വിദേശ ആവശ്യം ഉയർന്നു. ഉത്തരേന്ത്യയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും ഏലത്തിന് ഓർഡറുണ്ട്. കഴിഞ്ഞ പല ദിവസങ്ങളിലും ലേലത്തിന് എത്തിയ ചരക്ക് പൂർണമായി വിറ്റു. ലഭ്യത കുറഞ്ഞതിനിടയിൽ ഏലക്ക വില 5450 രൂപ വരെ കിലോയ്ക്ക് ഉയർന്നു. അതേ സമയം കാലാവസ്ഥ മാറ്റം തോട്ടം മേഖലക്ക് അനുകൂലമാണ്. സെപ്റ്റംബറിൽ പുതിയ ഏലക്ക ഇറക്കാനാവുമെന്ന കണക്ക് കൂട്ടലിലാണ് ഉൽപാദകർ. 
അമേരിക്കയിൽ നിന്നും യൂറോപിൽ നിന്നും കുരുമുളകിന് അന്വേഷണങ്ങൾ നിലച്ചത് ഓഫ് സീസണിലെ വിലക്കയറ്റത്തിന് തടസ്സമായി. ആഭ്യന്തര ഡിമാന്റിനെ മാത്രം ആശ്രയിച്ചാണ് മുളക് നിലകൊള്ളുന്നത്. ഇറക്കുമതി ചരക്ക് സുലഭമായതിനാൽ ഹൈറേഞ്ച് കുരുമുളകിന് ആവശ്യക്കാരില്ല. അൺ ഗാർബിൾഡ് 33,400 ലും ഗാർബിൾഡ് 36,400 രൂപയിലും വിൽപന നടന്നു. 
പുതിയ റബർ ഷീറ്റ് വിൽപനക്ക് ഇറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മഴയുടെ വരവ് മൂലം പല ഭാഗങ്ങളിലും പുലർച്ചെ റബർ വെട്ടിന് തടസ്സം നേരിട്ടു. മാസാവസാനം പുതിയ ഷീറ്റ് വിൽപനയ്ക്ക് എത്തും. 
കാർഷിക മേഖലകളിൽ ഷീറ്റ് സംസ്‌കരണം ഊർജിതമായത്  കണ്ട് ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ 14,900 രൂപയായി താഴ്ത്തി. ഓപറേറ്റർമാരിൽ നിന്നുള്ള വിൽപന സമ്മർദത്തെ തുടർന്ന് ടോക്കോം എക്‌സ്‌ചേഞ്ചിൽ റബർ ഒരു മാസത്തെ താഴ്ന്ന റേഞ്ചിലാണ്. കേരളത്തിൽ സ്വർണം ഒരിക്കൽ കൂടി റെക്കോർഡ് പ്രകടനം കാഴ്ചവെച്ചു. പവൻ  25,800 ൽ നിന്ന് 26,120 രൂപയിലേക്ക് ഉയർന്ന ശേഷം ശനിയാഴ്ച 400 രൂപ ഇടിഞ്ഞ് 25,720 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1415 ഡോളറിൽ നിന്ന് 1424 ഡോളറായി.

Latest News