കണ്ണൂർ - ആന്തൂർ വിഷയത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ നടന്ന യോഗം, ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ.ശ്യാമളയ്ക്കു ക്ലീൻ ചീറ്റ് നൽകി. തനിക്കെതിരെ ചില സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ചില നീക്കങ്ങളെക്കുറിച്ച് ശ്യാമള യോഗത്തിൽ പരാതിപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ രാവിലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതിനു പിന്നാലെയാണ് ജില്ലാ കമ്മിറ്റി ചേർന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി.ഗോവിന്ദൻ, പി.കെ.ശ്രീമതി എന്നിവരടക്കം ഏതാണ്ട് എല്ലാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക തിരക്കുകളിലായതിനാൽ മന്ത്രി ഇ.പി.ജയരാജൻ യോഗത്തിനെത്തിയില്ല. സെക്രട്ടറിയേറ്റിൽ തളിപ്പറമ്പിന്റെ ചുമതലയുള്ള ടി,.കെ.ഗോവിന്ദൻ മാസ്റ്റർ, ഏരിയാ സെക്രട്ടറി മുകുന്ദൻ എന്നിവരാണ് കാര്യങ്ങൾ വിശദീകരിച്ചത്. സാജന്റെ കൺവെൻഷൻ സെന്ററിനു അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭ അധികൃതർക്കു വീഴ്ച സംഭവിച്ചുവെന്ന മുൻ നിലപാട് തന്നെയാണ് അവർ യോഗത്തിൽ ആവർത്തിച്ചതെന്നാണ് അറിയുന്നത്. പിന്നീട് പി.കെ.ശ്യാമള, നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ഈ വിഷയത്തിൽ പിന്നീട് തനിക്കു പാർട്ടിയിൽ നിന്നും ലഭിക്കേണ്ട സംരക്ഷണം ലഭിച്ചില്ലെന്നും ടീച്ചർ പറഞ്ഞു. തന്റെ അഭിപ്രായം സ്വന്തം ഘടകമായ ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിനു അവസരം ലഭിക്കുന്നതിനു മുമ്പു തന്നെ ധർമ്മശാലയിൽ പൊതുയോഗം വിളിച്ച് തെറ്റുകാരിയായി ചിത്രീകരിക്കുകയായിരുന്നുവെന്നും പി.കെ.ശ്യാമള പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗമായ പി.കെ.ശ്യാമളയ്ക്കു പറയാനുളളത് സ്വന്തം ഘടകത്തിൽ പറയാൻ അനുവദിക്കാതെ ജില്ലാ സെക്രട്ടേറിയറ്റ് എടുത്ത തീരുമാനത്തേയും, തുടർന്ന് പൊതുയോഗത്തിൽ പി.ജയരാജൻ അടക്കം നടത്തിയ പ്രസംഗവും തെറ്റാണെന്ന് വിലയിരുത്തിയ സംസ്ഥാന സമിതി തീരുമാനം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ റിപ്പോർട്ടു ചെയ്തു. തുടർ ദിവസങ്ങളിൽ തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും ആന്തൂരിലെ നാല് ലോക്കൽ കമ്മിറ്റി യോഗങ്ങളും വിളിച്ച് ചേർത്ത് ഇക്കാര്യം റിപ്പോർട്ടു ചെയ്യും.